പാറമേക്കാവിനും തിരുവമ്പാടിക്കും വെടിക്കെട്ട് ലൈസൻസി ഒന്ന്
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് നീലാകാശത്ത് വർണരാജിയൊരുക്കുമ്പോൾ താഴെ തിരുവമ്പാടിക്കും പാറേമക്കാവിനും ഇക്കുറി അണിയറക്കാരൻ ഒരാളായിരിക്കും. സൗഹൃദ മത്സരാടിസ്ഥാനത്തിൽ നടക്കുന്ന പൂരം വെടിക്കെട്ടിന് ഒരാൾ തന്നെ ലൈസൻസിയാകുന്നത് ചരിത്രത്തിൽ ആദ്യമാണ്. മുണ്ടത്തിക്കോട് സ്വദേശി സതീഷിനാണ് ഈ അപൂർവ ദൗത്യത്തിനുള്ള സൗഭാഗ്യം.
മുമ്പ് വെടിക്കെട്ട് ലൈസൻസി രംഗത്ത് ആദ്യമായി വനിതയെ അവതരിപ്പിച്ച ഖ്യാതിയും തൃശൂർ പൂരത്തിന് സ്വന്തമാണ്. കഴിഞ്ഞ തവണ തിരുവമ്പാടി ദേവസ്വത്തിന്റെ ലൈസൻസിയായിരുന്നു സതീഷ്. ഇത്തവണ ഇരു വിഭാഗത്തിനുമായി സതീഷ് കരാറിൽ ഒപ്പ് വെച്ചു. വെടിക്കെട്ട് കരാറുകാർക്ക് നിയമക്കുരുക്കുകളായതോടെ ലൈസൻസ് ലഭിക്കാൻ പ്രയാസമായതാണ് ഒരാളെ തന്നെ ലൈസൻസിയാക്കാനുള്ള ദേവസ്വങ്ങളുടെ തീരുമാനം.
സതീഷ്
എട്ട് ഘടക ക്ഷേത്രങ്ങൾ അടക്കം പത്ത് ക്ഷേത്രങ്ങൾ പങ്കാളിയാവുന്ന തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടിക്കും പാറമേക്കാവിനുമാണ് വെടിക്കെട്ട് നടത്താനുള്ള അവകാശമുള്ളത്. നഗരത്തിന് നടുവിൽ തേക്കിൻകാട് മൈതാനത്താണ് വെടിക്കെട്ട് നടത്തുന്നതതെന്നതും രാജ്യത്ത് സ്ഥിരമായ മാഗസീൻ (വെടിമരുന്ന് സംഭരണകേന്ദ്രം) ഉള്ളതും, സുരക്ഷാ സംവിധാനമായ ഫയർ ഹൈഡ്രന്റ് സൗകര്യമുള്ളതും തൃശൂരിൽ മാത്രമാണ്. രണ്ടായിരം കിലോഗ്രാം വീതമായി ഇരു വിഭാഗങ്ങൾക്കുമായി 4000 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാൻ അനുമതിയുണ്ട്. വെടിക്കെട്ടിന് പ്രാധാന്യമുള്ള ഉത്രാളിക്കാവും, നെന്മാറ വല്ലങ്ങിയിലുമടക്കം 100 കിലോഗ്രാമിലും താഴെയാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. നേരത്തെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ തുടർന്ന് ഹൈകോടതി വെടിക്കെട്ടിന് നിയന്ത്രണം കൊണ്ടുവന്നപ്പോൾ സമാനമായി ഒരു ലൈസൻസിക്ക് കീഴിലുള്ളവരെ ഉപയോഗിച്ചാണ് വെടിക്കെട്ട് നടത്തിയത്.
അന്ന് പക്ഷെ, ലൈസൻസി രണ്ടും വെവ്വേറെയുണ്ടായിരുന്നു. ഓരോ പൂരവേളയിലും ഇരുവിഭാഗവും രഹസ്യമായി എന്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്നത് പൊട്ടിക്കഴിയുമ്പോൾ മാത്രമാണ് അറിയുക. ദേവസ്വങ്ങളുടെ വെടിക്കെട്ട് ചുമതലയുള്ള കമ്മിറ്റിക്കാർക്ക് പോലും ഇക്കാര്യം രഹസ്യമാവും. ലൈസൻസി ഒന്നാവുന്നതോടെ ഇരു കൂട്ടരും തങ്ങളുടേതായി സൂക്ഷിച്ചിരുന്ന രഹസ്യ ഇനങ്ങൾ ഇല്ലാതാവുമെന്ന ആശങ്കയുണ്ട്.
എന്നാൽ ലൈസൻസി മാത്രേ ഒന്നാകുന്നുള്ളൂവെന്നും മറ്റ് ചുമതലക്കാരും പ്രവൃത്തികൾ ചെയ്യുന്നവരുമെല്ലാം ഇരുവിഭാഗത്തിനും വെവ്വേറെയാണെന്നും അതുകൊണ്ട് രഹസ്യസ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്നും പുതുമകളുടെ വിസ്മയച്ചെപ്പ് തന്നെയാവും ഇക്കുറിയുണ്ടാവുകയെന്നുമാണ് ദേവസ്വങ്ങളുടെ അവകാശവാദം. ഈ മാസം 17ന് സാമ്പിൾ വെടിക്കെട്ടും 20ന് പുലർച്ച പ്രധാന വെടിക്കെട്ടും ഉപചാരം ചൊല്ലിയതിന് ശേഷം ഉച്ചക്കുമാണ് തൃശൂർ പൂരം വെടിക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

