Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:44 AM IST Updated On
date_range 18 March 2022 5:44 AM ISTഇ-കോമേഴ്സ് വെബ്സൈറ്റിന്‍റെ പേരിൽ സമ്മാന തട്ടിപ്പ്: തൃശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം
text_fieldsbookmark_border
തൃശൂർ: പ്രമുഖ ഓൺലൈൻ -ടെലിഷോപ്പിങ് കമ്പനി നാപ്റ്റോളിന്‍റെ പേരിൽ ബംബർ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിയിൽനിന്ന് 30 ലക്ഷം തട്ടിയെടുത്തു. നാപ്റ്റോളിൽനിന്ന് സാധനങ്ങൾ വാങ്ങിയവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്‍റെ വീട്ടിലേക്ക് തപാൽ മുഖാന്തരം കത്തയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതിൽ അഭിനന്ദന സന്ദേശത്തിനൊപ്പം സ്ക്രാച്ച് ആൻഡ് വിൻ കാർഡുമുണ്ടാകും. കാർഡ് ഉരച്ചുനോക്കി സമ്മാനം ലഭിക്കുകയാണെങ്കിൽ അതിൽ നൽകിയ വാട്സ്ആപ് നമ്പറിലേക്ക് മിസ്കാൾ ചെയ്യാൻ നിർദേശമുണ്ടാകും. ഇങ്ങനെ ചെയ്താൽ വാട്സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച കാറിന്‍റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കും. തുടർന്ന് ഫോട്ടോ, കാർ രജിസ്റ്റർ ചെയ്യാൻ ആധാർ കാർഡ് പകർപ്പ്, പാൻകാർഡ് പകർപ്പ് എന്നിവ ആവശ്യപ്പെടും. ഒരാഴ്ചക്കകം, സമ്മാനാർഹമായ കാർ ഏറ്റുവാങ്ങാനുള്ള അറിയിപ്പ് തപാലിൽ ലഭിക്കും. ശേഷം വാഹനം ലഭിക്കാനുള്ള ടാക്സ് സംബന്ധിച്ച തടസ്സങ്ങൾ അറിയിക്കും. അതിനാൽ, വാഹനത്തിന് പകരം പണം കൈപ്പറ്റിയാൽ നന്നാകുമെന്ന് പറയുകയും 30 ലക്ഷം വിലയുള്ള കാറിന്‍റെ നികുതിയിനത്തിൽ നാലോ അഞ്ചോ ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യും. ഇത് ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താൽ നറുക്കെടുപ്പിൽ മറ്റൊരു 60 ലക്ഷം രൂപ കൂടി സ്പെഷൽ പ്രൈസ് ലഭിച്ചതായി അറിയിപ്പ് ലഭിക്കും. കൂടെ റിസർവ് ബാങ്കിന്‍റെ പേരിൽ ഒരു കത്തും സമ്മാനാർഹമായ തുകയെഴുതിയ ചെക്കും വാട്സ്ആപ്പിൽ അയച്ചുതരും. സമ്മാന ഇനത്തിൽ ഒരു കോടിയിൽപരം രൂപ ലഭിക്കാനുള്ളതായി ബോധ്യപ്പെടുത്തും. നടപടിക്രമങ്ങൾക്കും നികുതി ഇനത്തിലുമായി വീണ്ടും 10 ലക്ഷംകൂടി ആവശ്യപ്പെടും. നിരന്തര പ്രലോഭനങ്ങളിലൂടെ അതിനകം വലിയൊരു തുക തട്ടിയെടുത്തിട്ടുണ്ടാകും. സമ്മാനം ലഭിക്കാൻ വൈകി അവരെ വിളിക്കുമ്പോൾ റിസർവ് ബാങ്കിലെ നൂലാമാലകൾ മൂലമാണ് പണം നൽകാൻ സാധിക്കാത്തതെന്നായിരിക്കും മറുപടി. ഇത്തരത്തിൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും സമ്മാനം വരുമെന്ന് കരുതിയോ മാനക്കേട് ഭയന്നോ പുറത്തുപറയാതിരിക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. മുന്നറിയിപ്പുമായി പൊലീസ് ലോട്ടറി, സമ്മാനങ്ങൾ, നറുക്കെടുപ്പ് തുടങ്ങിയ പ്രലോഭനങ്ങളിൽ വഴങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സന്ദേശങ്ങൾ വന്നാൽ കൂട്ടുകാരുമായോ പൊലീസുമായോ പങ്കിടണം. പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സോഷ്യൽ എൻജിനീയറിങ് വഴി തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്. കത്തുകൾ, ഇ-മെയിൽ, വാട്സ്ആപ്, എസ്.എം.എസ്, ഫോൺ വിളികൾ എന്നിവയോട് ശ്രദ്ധാപൂർവം പ്രതികരിക്കണം. ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ 1930 നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലും സന്ദർശിക്കാം. https://cybercrime.gov.in/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story