Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:29 AM IST Updated On
date_range 4 Nov 2020 5:29 AM ISTറേഷൻ മുൻഗണന പട്ടിക: 28,600 പേർ ഇടംപിടിക്കും
text_fieldsbookmark_border
തൃശൂർ: റേഷൻ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മുൻഗണന പട്ടികയിൽ പുതുതായി ഇടംപിടിച്ച അർഹരെ ഗുണഭോക്തൃപട്ടികയിൽ ചേർക്കുന്നു. സംസ്ഥാനത്തെ മൊത്തം 81 പൊതുവിതരണ താലൂക്കുകളിലായി 28,600 പേർക്കാണ് അവസരം ലഭിക്കുക. ഇതിനായി പൊതുവിതരണ വകുപ്പ് വെബ്സൈറ്റിലെ മൊഡ്യൂൾ ബുധനാഴ്ച മുതൽ ഇൗമാസം ഒമ്പതുവരെ തുറന്നുകൊടുക്കും. ഗുണഭോക്തൃപട്ടികയിൽ ചേർക്കാൻ റേഷൻ കാർഡ് ഉടമകൾ നൽകിയ അപേക്ഷയിൽ റേഷനിങ് ഇൻസ്പെക്ടർ ഹിയറിങ് നടത്തി, ക്ലേശഘടകങ്ങൾ കണ്ടെത്തി മാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 30 മാർക്കുവരെ ലഭിച്ചവരാണ് മുൻഗണന പട്ടികയിൽ ചേർക്കപ്പെടുന്നത്. നിലവിലുള്ള ഒഴിവിൽ നെയ്യാറ്റിൻകര താലൂക്കിൽനിന്നാണ് കൂടുതൽ അർഹരെ േചർക്കുന്നത്. 2396 പേർ പുതുതായി മുൻഗണന പട്ടികയിൽ ഉൾപ്പെടും. 2159 പേരുമായി നെടുമങ്ങാടാണ് രണ്ടാം സ്ഥാനത്ത്. കൊല്ലവും (1217) ആയിരം കടന്ന താലൂക്കിൽ ഉൾപ്പെടും. പൊന്നാനിയിൽനിന്നാണ് ഏറ്റവും കുറവ്. ഇൗ താലൂക്കിൽനിന്ന് 22 പേർക്ക് മാത്രമാണ് പട്ടികയിൽ ഉൾപ്പെടാൻ അർഹത. 48 പേരുമായി കൊച്ചി റേഷനിങ് ഒാഫിസാണ് കുറവിൽ രണ്ടാമൻ. താലൂക്കുകൾക്ക് നൽകിയ സംഖ്യയിൽ കൂടുതൽ ഉൾപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ക്ലേശഘടകങ്ങളിൽ മുൻഗണനക്കാർക്ക് ലഭിച്ച മാർക്കിൻെറ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇത്തരം കാര്യങ്ങളിലും ഇൗ പ്രക്രിയ സമയബന്ധിതമായി നിർവഹിക്കാനും ജില്ല സപ്ലൈ ഒാഫിസർമാർക്ക് ചുമതലനൽകി. നേരത്തെ ലഭിച്ച അപേക്ഷയുടെ പശ്ചാത്തലത്തിൽ ഹിയറിങ് നടത്തി മാനദണ്ഡങ്ങൾ പരിശോധിച്ച് 41,400 പേരെ ഇതുവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. അനർഹരാണെന്ന് കണ്ടെത്തിയ 56,400 പേരെ ഒഴിവാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഹിയറിങ് നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടത് ആഗസ്റ്റ് 14നായിരുന്നു. ആഗസ്റ്റ് 31വരെ ദിവസം നീട്ടിയിട്ടും സംസ്ഥാനത്തെ 81 താലൂക്കുകളിൽ 60 ഇടത്തുനിന്നാണ് റിപ്പോർട്ട് ലഭിച്ചത്. ബാക്കി 21 താലൂക്കുകളിലെ അപേക്ഷകളിൽ റിപ്പോർട്ട് ലഭിക്കാൻ വൈകി. സർക്കാർ ജീവനക്കാരുൾപ്പെടെ നേരത്തെ പറഞ്ഞവർ ഇേപ്പാഴും പട്ടികയിലുണ്ടെന്ന കണ്ടെത്തലാണ് വകുപ്പിനുള്ളത്. ഗ്രാമങ്ങളിൽ 51ഉം നഗരങ്ങളിൽ 38ഉം ശതമാനം റേഷൻ ഗുണഭോക്താക്കളെയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. അതുകൊണ്ടുതന്നെ അനർഹരെ പുറത്താക്കാതെ പുതിയവർക്ക് അവസരം നൽകാനാവില്ല. ഈ സാഹചര്യത്തിലാണ് അനർഹരെ പുറത്താക്കുന്ന പ്രക്രിയ കൃത്യമായി നടപ്പാക്കാൻ വകുപ്പ് തയാറായത്. അതേസമയം, മൂന്നു മാസം റേഷൻ വാങ്ങാത്തവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് ഏറെ വിമർശനത്തിന് ഇടയാക്കി. രോഗങ്ങളും ഇതര പ്രയാസങ്ങളും കാരണം റേഷൻ വാങ്ങാത്തവരും ഇതിൽ ഉൾപ്പെട്ടതാണ് പരാതിക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story