Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:34 AM IST Updated On
date_range 7 April 2022 5:34 AM ISTമകൻ ബൈക്ക് അപകടത്തിൽ മരിച്ചതിൽ ദുരൂഹത: പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവിന്‍റെ ഹരജി
text_fieldsbookmark_border
കൊച്ചി: ബൈക്ക് അപകടത്തിൽ മകൻ മരിച്ചതിൽ ദുരൂഹതയുള്ളതിനാൽ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവിന്‍റെ ഹരജി. അപകടവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലാത്തതിനാൽ സത്യം പുറത്തുകൊണ്ടുവരാൻ പുനരന്വേഷണം ആവശ്യപ്പെട്ടാണ് തൃശൂർ അവിയൂർ സ്വദേശിനി ഖദീജ ഉസ്‌മാൻ ഹൈകോടതിയെ സമീപിച്ചത്. സർക്കാർ വിശദീകരണം തേടിയ ജസ്റ്റിസ് കെ. ഹരിപാൽ ഹരജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹരജിക്കാരിയുടെ 16 വയസ്സുള്ള മകൻ നജിമുദ്ദീനും സുഹൃത്ത് അബ്ദുൽ വഹീദും സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ 2016 നവംബർ 20ന് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. സ്കൂട്ടർ ഓടിച്ച വഹീദ് സംഭവസ്ഥലത്തുവെച്ചും പിന്നിലിരുന്ന നജിമുദ്ദീൻ ചികിത്സയിലിരിക്കെ രണ്ടു ദിവസത്തിന് ശേഷവുമാണ് മരിച്ചത്. വിവരങ്ങൾ ശരിയായി രേഖപ്പെടുത്താതെയുള്ളതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ഹരജിയിൽ ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യങ്ങളുണ്ട്. മലപ്പുറം പെരുമ്പടപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടത്തിൽ സ്കൂട്ടറിന് കാര്യമായ കേടുപാടുകളുണ്ടാകുകയോ ഇടിച്ചുകയറിയ പോസ്റ്റിലോ പരിസരത്തോ പോലും രക്തക്കറയുണ്ടാകുകയോ ചെയ്തിട്ടില്ല. തൃശൂർ മെഡിക്കൽ കോളജിന് പകരം ഇൻക്വസ്റ്റ് തയാറാക്കിയ എസ്.ഐയുടെ നിർബന്ധപ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വീണ്ടും അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story