Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേനൽമഴ സജീവമാകുന്നു;...

വേനൽമഴ സജീവമാകുന്നു; ചൂടിന്​ കാഠിന്യം കുറയും

text_fields
bookmark_border
പി.എ.എം. ബഷീർ തൃശൂർ: ചൂടിന്‍റെ കാഠിന്യത്തിന്​ ആശ്വാസമായി വേനൽമഴ സജീവമാകുന്നു. ഇടിയോടു കൂടിയ മഴയാണ് വലിയ തോതിലല്ലെങ്കിലും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നത്​. മാർച്ചിൽ ​കേരളത്തിന്‍റെ വേനൽമഴ വിഹിതം 35 മില്ലിമീറ്ററാണ്​. എന്നാൽ, മാർച്ച്​ 31വരെ 48 മി.മീ മഴയാണ്​ ലഭിച്ചത്​. ഇത്​ 39 ശതമാനം അധികമഴയാണ്​. അതേസമയം മാർച്ച്​ ഒന്നു മുതൽ ഏപ്രിൽ നാലുവരെ 42ന്​ പകരം 70 മി.മീ മഴ ലഭിച്ചിട്ടുണ്ട്​. 46 ശതമാനം അധികമഴയാണിത്​. കഴിഞ്ഞ നാലു ദിവസം മാത്രം 28 മി.മീ മഴ ലഭിച്ചു. ഏപ്രിൽ എട്ടുവരെ സമാന സ്വഭാവത്തിൽ മഴ ലഭിക്കുമെന്നാണ്​ കലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്​. മൺസൂൺപൂർവ മഴ തുടർ ദിവസങ്ങളിൽ കൂടുതൽ സജീവമാകാനുള്ള സാധ്യതയാണ്​ വിലയിരുത്തപ്പെടുന്നത്​. 262 ശതമാനം അധികം ലഭിച്ച കാസർകോട്​ ജില്ലക്കാണ്​ കൂടുതൽ മഴ ലഭിച്ചത്​. വേനൽമഴ തുലോം കുറവായ (16.3) ഇവിടെ 59.1 മി.മീ മഴയാണ്​ ലഭിച്ചത്​. 26.8ന്​ പകരം 78.3 മി.മീ ലഭിച്ച വയനാടിന്​ 192 ശതമാനം അധികമഴയാണ്​ ലഭിച്ചത്​. 39.2ന്​ പകരം 103 മി.മീ മഴ ലഭിച്ച എറണാകുളം ജില്ലക്ക്​ 163 ശതമാനവും ലഭിച്ചു. രണ്ടു ജില്ലകളിൽ മാത്രമാണ്​ മഴക്കമ്മിയുള്ളത്​. 25.7ന്​ പകരം 8.2 മി.മീ മഴ ലഭിച്ച തൃശൂരിൽ 68 ശതമാനം മഴക്കുറവാണുള്ളത്​. തിരുവനന്തപുരത്ത്​ 35 ശതമാനം മഴക്കുറവുണ്ട്​​. മാർച്ചിൽ അപൂർവമായി ഉണ്ടായ ന്യൂനമർദവും പിന്നാലെ വന്ന ചക്രവാത ചുഴിയുമാണ്​ ചൂടിന്‍റെ കാഠിന്യത്തിൽനിന്ന്​ കേരളത്തെ രക്ഷിച്ചത്​. മാർച്ച്​ ആദ്യത്തിൽ 41 ഡിഗ്രി സെൽഷ്യസ്​ വരെ ചൂട്​ രേഖപ്പെടുത്തിയ സാഹചര്യം നിലവിലില്ല. കഴിഞ്ഞ ദിവസം പാലക്കാട്​ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസാണ്​ കൂടിയ താപം. കോഴിക്കോട്​ 36ഉം. മധ്യ കേരളത്തിൽ കനത്ത ചൂട്​ അനുഭവപ്പെട്ടിരുന്ന കോട്ടയത്ത്​ 34.8 ആണ്​ ചൂട്​ രേഖപ്പെടുത്തിയത്​. ബാക്കി ജില്ലകളിലും 34നും 35നും ഇടയിലാണ്​ ചൂട്​ രേഖപ്പെടുത്തിയത്​. അതേസമയം അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അളവ്​ കൂടുതലുള്ളതാണ്​ വിയർത്തൊലിക്കാൻ കാരണം. ഏപ്രിൽ ആറോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴിക്ക്​ പിന്നാലെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്​. ന്യൂനമർദം ശക്തി പ്രാപിച്ച്​ തമിഴ്നാട് - ആന്ധ്ര തീരത്തേക്ക് നീങ്ങാനുള്ള സാധ്യതയും വിലയിരുത്തുന്നു​. അങ്ങനെ സംഭവിച്ചാൽ കേരളത്തിലും നല്ല മഴ ലഭിച്ചേക്കും. ഏപ്രിൽ പകുതിക്ക്​ ശേഷം മൺസൂൺ മഴയെ കുറിച്ച ആദ്യ വിവരം കേന്ദ്ര കാലാവസ്ഥ വകുപ്പ്​ പുറപ്പെടുവിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story