Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്കിങ്​​ മേഖല ശമ്പള...

ബാങ്കിങ്​​ മേഖല ശമ്പള പരിഷ്കരണം അട്ടിമറിക്കാൻ സ്വകാര്യ ബാങ്കുകളുടെ സംഘടിത നീക്കം

text_fields
bookmark_border
*ബാങ്ക്​ മേധാവികൾ എറണാകുളത്ത്​ യോഗം ചേർന്നു തൃശൂർ: അടുത്ത ഒക്​ടോബറിൽ കാലാവധി പൂർത്തിയാവുന്ന ബാങ്കിങ്​​ മേഖലയിലെ ശമ്പള പരിഷ്കരണ കരാർ പുതുക്കൽ അട്ടിമറിക്കാൻ സ്വകാര്യ മേഖല ബാങ്കുകളുടെ സംഘടിത നീക്കം. നവംബറിൽ പുതിയ ശമ്പള കരാർ നിലവിൽ വരണമെന്നിരിക്കെ, ബാങ്ക്​ മാനേജ്​മെന്‍റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്​സ്​ അസോസിയേഷനും (ഐ.ബി.എ) ബാങ്ക്​ ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂനിയൻസും (യു.എഫ്​.ബി.യു) തമ്മിലുള്ള ചർച്ചയിൽനിന്ന്​ വിട്ടുനിൽക്കാനാണ്​ നീക്കം. ഇതുമായി ബന്ധപ്പെട്ട്​ ഒരുവിഭാഗം സ്വകാര്യ ബാങ്ക്​ മാനേജ്​മെന്‍റുകളുടെ പ്രതിനിധികൾ മാർച്ച്​ 27ന്​ എറണാകുളത്ത്​ യോഗം ചേർന്നു. ബാങ്കിങ്​​ മേഖലയിൽ ഏറ്റവും ഒടുവിലത്തെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ വൈകിയിരുന്നു. 2017 നവംബർ ഒന്നിന്​ നിലവിൽ വരേണ്ടിയിരുന്ന പുതിയ കരാർ സംബന്ധിച്ച്​ ധാരണയിൽ എത്താൻ വൈകിയതുമൂലം 2020ലാണ്​ നടപ്പായത്​. ഇതിന്‍റെ കാലാവധിയാണ്​ ഒക്​ടോബറിൽ അവസാനിക്കുന്നത്​. കഴിഞ്ഞ പരിഷ്കരണ ചർച്ചയിൽനിന്ന്​ തൃശൂർ ആസ്ഥാനമായുള്ള സി.എസ്​.ബി ബാങ്കും (പഴയ കാത്തലിക്​ സിറിയൻ ബാങ്ക്​) തമിഴ്​നാട്ടിലെ ലക്ഷ്​മി വിലാസ്​ ബാങ്കും വിട്ടുനിന്നിരുന്നു. ലക്ഷ്മി വിലാസ്​ ബാങ്ക്​ പിന്നീട്​ ഡെവലപ്​മെന്‍റ്​ ബാങ്ക്​ ഓഫ്​ സിംഗപ്പൂരിൽ ലയിച്ചു. സി.എസ്​.ബി ബാങ്ക്​ ആവട്ടെ ഉഭയകക്ഷി ധാരണക്കുപുറത്ത്​ തങ്ങൾ ബാങ്ക്​ തലത്തിൽ തയാറാക്കുന്ന ശമ്പള ഘടനയാണ്​ നടപ്പാക്കാൻ പോകുന്നത്​ എന്ന്​ പ്രഖ്യാപിക്കുകയായിരുന്നു. അന്ന്​ സി.എസ്​.ബി സ്വീകരിച്ച വഴിയിലാണ്​ കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ മേഖല ബാങ്കുകൾ ഉ​ൾപ്പെടെയുള്ളവ ഇത്തവണ നീങ്ങുന്നത്​. ബാങ്കിങ്​ മേഖലയിലെ ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ അടുത്ത പരിഷ്കരണ ചർച്ചയുമായി ബന്ധപ്പെട്ട്​ അവതരിപ്പിക്കാനുള്ള ചാർട്ടർ ഓഫ്​ ഡിമാൻഡ്​​സ്​ തയാറാക്കുന്ന തിരക്കിലാണ്​. ഇതിന്മേൽ ചർച്ച നടത്തി ധാരണയിൽ എത്തുകയും പുതിയ കരാർ നവംബർ ഒന്നിന്​ പ്രാബല്യത്തിൽ വരുകയും ചെയ്യേണ്ടതുണ്ട്​. ഈ ഘട്ടത്തിലാണ്​ അതിനെതി​രെ സ്വകാര്യ ബാങ്ക്​ മാനേജ്​മെന്‍റുകളുടെ സംഘടിത നീക്കം തുടങ്ങിയിരിക്കുന്നത്​. വീണ്ടും ചർച്ച നടത്താനും സ്വകാര്യ ബാങ്ക്​ മാനേജ്​മെന്‍റുകൾ തീരുമാനിച്ചിട്ടുണ്ട്​. സ്വകാര്യ ബാങ്കുകളുടെ പാത പിന്തുടർന്ന്​ പ്രമുഖ പൊതുമേഖല ബാങ്കുകൾ പോലും ഉഭയകക്ഷി ചർച്ചയിൽ സേവന-വേതന വ്യവസ്ഥ തീരുമാനിക്കുന്ന നിലവിലെ രീതിയിൽനിന്ന്​ മാറിനിൽക്കാനുള്ള നീക്കം ആരംഭിച്ചതായും അഭ്യൂഹമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story