Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:34 AM IST Updated On
date_range 4 April 2022 5:34 AM ISTകൊടുങ്ങല്ലൂർ ശ്രീകുരുംബ കാവിൽ ഭക്തസാഗരം കാവുതീണ്ടി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഗോത്രവർഗ സംസ്കൃതിയുടെ താളം നിറഞ്ഞാടിയ കൊടുങ്ങല്ലൂർ ശ്രീകുരുംബ കാവിൽ ഭക്തസാഗരം കാവുതീണ്ടി സായൂജ്യം നേടി. ഞായറാഴ്ച വൈകീട്ട് 4.40ഓടെയായിരുന്നു ചരിത്രപ്രസിദ്ധമായ അശ്വതി കാവുതീണ്ടൽ. ആർത്തിരമ്പുന്ന കടൽ പോലെ ക്ഷേത്രാങ്കണത്തെ പ്രകമ്പനം കൊള്ളിച്ച ഭക്തസമൂഹം ക്ഷേത്രത്തിന് ചുറ്റും കുതിച്ചുപാഞ്ഞ് കാവ് തീണ്ടുകയായിരുന്നു. ദേവിഭക്തിയുടെ ഉത്തുംഗതയിൽ ഉടവാളുകൊണ്ട് ശിരസ്സിൽ വെട്ടി നിണമൊഴുക്കി ഉറഞ്ഞ് തുള്ളുന്ന കോമരങ്ങളുടെ രൗദ്രഭാവവും ഭക്തസംഘങ്ങളുടെ ചടുലതാളവും നിറഞ്ഞുനിൽക്കേ കാവുതീണ്ടലിന് അനുമതിയായി. കിഴക്കേ നിലപാട് തറയിൽ ഉപവിഷ്ടനായ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കെ. കുഞ്ഞുണ്ണിരാജ അനുമതി നൽകുന്നതിന്‍റെ അടയാളമായി കോയ്മ ചുവന്ന പട്ടുകുട നിവർത്തി. ഇതോടെ ഭക്തിപാരവശ്യവുമായി നിലകൊണ്ട ജനസഞ്ചയം ക്ഷേത്രത്തിന് ചുറ്റും ഇരമ്പിപാഞ്ഞു. കാൽചിലമ്പും അരമണിയും കിലുക്കി ഭക്തിലഹരിയിൽ ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും മുളന്തണ്ടിൽ താളമിട്ട് തന്നാരം പാട്ടുകളും ദേവീസ്തുതികളുമായി നിലകൊണ്ട ഭക്തരും ക്ഷേത്രത്തിന് ചുറ്റും കുതിച്ചു. ക്ഷേത്രത്തെ മൂന്നു തവണ പ്രദക്ഷിണം വെച്ച് വലിയ തമ്പുരാനെ വണങ്ങിയാണ് പുറത്തേക്ക് പോയത്. ഓട്ടത്തിനിടെ പലരും കാർഷിക വസ്തുക്കൾ ഉൾപ്പെടെയുള്ള നേർച്ചവസ്തുക്കൾ സന്നിധിയിലേക്ക് എറിഞ്ഞു. മണിക്കൂറിലേറെ നീണ്ട കാവുതീണ്ടൽ കഴിഞ്ഞ് ശാന്തമായൊഴുകുന്ന നദിപോലെയായിരുന്നു നഗരപാതയിലൂടെയുള്ള ഭക്തരുടെ തിരിച്ചുപോക്ക്. പല്ലക്കിൽ എഴുന്നള്ളിയെത്തിയ വലിയ തമ്പുരാൻ അനുമതി നൽകിയതോടെയാണ് വർഷത്തിൽ ഒരിക്കൽ മാത്രം ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന തൃചന്ദന ചാർത്ത് പൂജക്ക് തുടക്കമായത്. അടികൾമാർ പുജാകർമ്മം നിർവഹിച്ച് പുറത്തിറങ്ങിയ ശേഷം ബലിക്കൽ പുരയിൽ ഉപവിഷ്ടനായിരുന്ന വലിയ തമ്പുരാൻ അധികാര ദണ്ഡ് കൈമാറി. തുടർന്ന് നിലപാട് തറയിൽ എഴുന്നള്ളി അനുമതി നൽകിയതോടെയാണ് കാവുതീണ്ടലായത്. പാലക്കവേലൻ എന്ന ഭിഷഗ്വരനായി വിശേഷിപ്പിക്കപ്പെടുന്ന ചിറക്കൽ ദേവിദാസനാണ് ആദ്യം കാവുതീണ്ടിയത്. നിലപാട് തറയിൽ ഉപവിഷ്ടനായ വലിയ തമ്പുരാനോടൊപ്പം റവന്യൂ, പൊലീസ്, ദേവസ്വം ഉദ്യോഗസ്ഥരും, ദേവസ്വം ഭരണസമിതി ഭാരവാഹികളും സന്നിഹിതരായിരുന്നു. നാട്ടുകാർക്ക് മുഖ്യ പങ്കാളിത്തമുള്ള ഭരണി ആഘോഷം തിങ്കളാഴ്ചയാണ്. TCG.KDR.BARANI KAVUTHEENDA: കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന് ചുറ്റും കുതിച്ചുപാഞ്ഞ് കാവുതീണ്ടുന്ന ഭക്തർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
