Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:46 AM IST Updated On
date_range 26 March 2022 5:46 AM ISTബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനത്തിന് കേന്ദ്രനീക്കം
text_fieldsbookmark_border
* പ്രധാനമന്ത്രിക്ക് എംപ്ലോയീസ് യൂനിയന്‍റെ കത്ത് തൃശൂർ: വികസന മുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ബി.എസ്.എൻ.എല്ലിന് കൂനിന്മേൽ കുരുവാകാൻ എം.ടി.എൻ.എല്ലുമായി ലയന നീക്കം. ദുർബലമായ ബി.എസ്.എൻ.എല്ലിൽ ഊർദ്ധ്വൻ വലിക്കുന്ന എം.ടി.എൻ.എല്ലിനെ (മഹാനഗർ ടെലികോം നിഗാം ലിമിറ്റഡ്) ലയിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ടെലികോം വകുപ്പ് കേന്ദ്ര കാബിനറ്റിന് കത്ത് നൽകി. നിർദേശം അംഗീകരിച്ചാൽ അത് ബി.എസ്.എൻ.എല്ലിന്‍റെ പതനത്തിലേക്ക് വഴിവെക്കും. ബി.എസ്.എൻ.എൽ സി.എം.ഡി പി.കെ. പുർവാർ തന്നെയാണ് മുംബൈ, ഡൽഹി നഗരങ്ങളിൽ പ്രവർത്തിക്കുന്ന പൊതുമേഖല ടെലികോം കമ്പനിയായ എം.ടി.എൻ.എല്ലിന്‍റെയും സി.എം.ഡി. എം.ടി.എൻ.എൽ നിലവിൽ 2,06,000 കോടി രൂപ കടത്തിലാണെന്നാണ് പുറത്തുവരുന്ന കണക്ക്. അതേസമയം, വരുമാനം 1,300 കോടി മാത്രമാണ്. പലിശ നൽകാൻ മാത്രം 2,100 കോടി രൂപ വേണം. അതിനുള്ള വരുമാനംപോലും കിട്ടുന്നില്ല. ഇത്തരമൊരു സ്ഥാപനത്തെയാണ് ബി.എസ്.എൻ.എല്ലിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. 4ജി ഇല്ലാത്തതിന്‍റെ ദുരിതം പേറുന്ന ബി.എസ്.എൻ.എൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ 5ജിയിലേക്ക് നീങ്ങാൻ ഒരുങ്ങുമ്പോഴാണ് ബി.എസ്.എൻ.എൽ 2ജി, 3ജി എന്നിവയിൽ കറങ്ങുന്നത്. 4ജി വൈകാതെ വരുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്‍റെ സാങ്കേതിക പൂർത്തീകരണത്തിന് ഇനിയും സമയമെടുക്കും. ബി.എസ്.എൻ.എല്ലിന് 4ജി യാഥാർഥ്യമാകുമ്പോഴേക്കും സ്വകാര്യ കമ്പനികൾ 5ജിയിൽ എത്തും. അതോടെ വീണ്ടും പിന്തള്ളപ്പെടുന്ന സ്ഥിതി വരും. അധിക ജീവനക്കാരാണ് ബാധ്യതക്ക് കാരണമെന്ന് പറഞ്ഞ് സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ബി.എസ്.എൻ.എല്ലിൽനിന്ന് ഏതാണ്ട് 80,000 ജീവനക്കാരാണ് ഒറ്റയടിക്ക് വിരമിച്ചത്. അത്രയും ചെലവ് ഒരുമിച്ച് കുറവ് വന്നിട്ടും കമ്പനി രക്ഷപ്പെട്ടില്ല. 4ജി വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തന്നെ പ്രതിബന്ധം സൃഷ്ടിച്ചതാണ് യഥാർഥ പ്രശ്നമെന്ന് ബി.എസ്.എൻ.എല്ലിലെ ജീവനക്കാരുടെ സംഘടനകൾ വെളിപ്പെടുത്തിയതാണ്. ഈ പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് എം.ടി.എൻ.എല്ലിനെ ലയിപ്പിക്കാൻ നീക്കം സജീവമായത്. ലയനം ബി.എസ്.എൻ.എല്ലിന് അപരിഹാര്യമായ നാശം വരുത്തിവെക്കുമെന്നും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരുടെ പ്രബല സംഘടനയായ എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി പി. അഭിമന്യു പ്രധാനമന്ത്രിക്ക് കത്തെഴുതി. എം.ടി.എൻ.എല്ലിന്‍റെ കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനും വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story