Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:34 AM IST Updated On
date_range 16 March 2022 5:34 AM ISTതൃശൂർ കോർപറേഷൻ: അവിശ്വാസം പരാജയപ്പെട്ടു
text_fieldsbookmark_border
ബി.ജെ.പി വിട്ടുനിന്നു തൃശൂർ: കേവല ഭൂരിപക്ഷമില്ലാതെ കോൺഗ്രസ് വിമതനെ കൂടെ നിർത്തി ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനിൽ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 24നെതിരെ 25 വോട്ടിനാണ് അവിശ്വാസം തള്ളിയത്. മേയർ എം.കെ. വർഗീസിനും ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനുമെതിരെയാണ് അവിശ്വാസ നോട്ടീസ് നൽകിയത്. മേയർക്കെതിരായ അവിശ്വാസം തള്ളിയതോടെ ഡെപ്യൂട്ടി മേയർക്കെതിരായ നോട്ടീസ് ചർച്ചക്കെടുത്തില്ല. കലക്ടർ ഹരിത വി. കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് അവിശ്വാസം ചർച്ച ചെയ്തത്. കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിന് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ബി.ജെ.പി ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്നു. അവിശ്വാസം പരാജയപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇടതുമുന്നണി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയപ്പോൾ ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും പ്രകടനം നടത്തി. 55 അംഗ ഭരണസമിതിയിൽ ഇടതുപക്ഷത്തിന് 25ഉം കോൺഗ്രസിന് 24ഉം അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകാൻ 28 അംഗങ്ങൾ വേണം. ആറ് അംഗങ്ങളുള്ള ബി.ജെ.പിയുടെ നിലപാട് നിർണായകമായിരുന്നു. അവിശ്വാസം ചർച്ച ചെയ്യുന്ന ചൊവ്വാഴ്ച രാവിലെ വരെയും നിലപാട് പ്രഖ്യാപിക്കാതിരുന്ന ബി.ജെ.പി കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എന്നാൽ കോൺഗ്രസിനെ ഞെട്ടിച്ച് യോഗത്തിന് ഒരു മണിക്കൂർ മുമ്പ് വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന തീരുമാനം ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇടതുപക്ഷത്തുനിന്ന് ചിലരെ അടർത്തി കൂടെ നിർത്താനുള്ള കോൺഗ്രസിന്‍റെ ശ്രമവും ഫലിച്ചില്ല. തൃശൂർ നഗരത്തിലെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ടാണ് ഭരണത്തിനെതിരെ കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നതെന്ന് മേയർ എം.കെ. വർഗീസ് പ്രതികരിച്ചു. 2015ലെ ഇടത് ഭരണസമിതിയും കേവല ഭൂരിപക്ഷമില്ലാതെയാണ് കാലാവധി പൂർത്തിയാക്കിയത്. 2020ൽ തുടർ ഭരണം അപ്രതീക്ഷിതമായിരുന്നു. കോൺഗ്രസ് വിമതനായി മത്സരിച്ച് ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ എം.കെ. വർഗീസിനെ നിമിഷങ്ങൾ പാഴാക്കാതെ ഇടതുപക്ഷത്ത് നിർത്തിയാണ് ഇടതുമുന്നണി ഭരണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story