Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:33 AM IST Updated On
date_range 16 March 2022 5:33 AM ISTഐനിക്കക്കുന്ന് സംരക്ഷണത്തിന് മുന്നിട്ടിറങ്ങാൻ ചാലക്കുടി നഗരസഭ
text_fieldsbookmark_border
ഐനിക്കക്കുന്ന് സംരക്ഷണം: ചാലക്കുടി നഗരസഭ മുന്നിട്ടിറങ്ങും കുട്ടാടൻ പാടത്തെ നെല്ല് നശിപ്പിച്ചവർക്കെതിരെ പരാതി നൽകാനും തീരുമാനം ചാലക്കുടി: ഐനിക്കക്കുന്ന് സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കാനും കുട്ടാടൻ പാടത്തെ കർഷകരുടെ നെല്ല് നശിപ്പിച്ചവർക്കെതിരെ പരാതി നൽകാനും ചാലക്കുടി നഗരസഭയുടെ അടിയന്തര യോഗത്തിൽ തീരുമാനമായി. ചൊവ്വാഴ്ച നടന്ന അടിയന്തര യോഗത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. നഗരസഭയിലെ പനമ്പിള്ളി കോളജിന് സമീപമുള്ള ഐനിക്കകുന്ന് കെട്ടിട നിർമാണത്തിന്റെ മറവിൽ ഇടിച്ച് മണ്ണ് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്ന് വാർഡ് കൗൺസിലർ സൗമ്യ വിനേഷാണ് കൗൺസിലിൽ ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെനിന്നുള്ള മണ്ണെടുക്കൽ തടയണമെന്ന് കലക്ടറെയും ജിയോളജി വകുപ്പിനേയും അറിയിക്കാനും കൗൺസിൽ തീരുമാനിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ പ്രധാന ജലസ്രോതസ്സാണ് ഐനിക്കക്കുന്ന്. കെട്ടിട നിർമാണത്തിന്റെ പേരിൽ കുന്നിന്റെ ഒരുഭാഗം ഇടിക്കുന്നത് വർഷക്കാലത്ത് കുന്ന് ഇടിഞ്ഞ് താഴെയുള്ള നിരവധി കുടുംബങ്ങൾക്ക് അപകടമുണ്ടാകാൻ വഴിയൊരുക്കുമെന്ന് കൗൺസിൽ വിലയിരുത്തി. 12ാം വാർഡിലെ കൂടപ്പുഴ കുട്ടാടം പാടത്ത് കർഷക കൂട്ടായ്മ കൊയ്തുവെച്ച നിരവധി ചാക്ക് നെല്ല് നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ സൂസി സുനിലും പാടശേഖര സമിതിയുമാണ് വിഷയം കൗൺസിലിന്‍റെ പരിഗണനയിൽ കൊണ്ടുവന്നത്. നഗരസഭ പദ്ധതി വഴിയുള്ള ധനസഹായത്തോടെ പാടശേഖര സമിതിയാണ് ഇവിടെ കൃഷി ഇറക്കിയത്. കൃഷി തുടങ്ങുന്ന അവസരത്തിലും ചിലർ തടസ്സങ്ങൾ ഉണ്ടാക്കിയിരുന്നു. സപ്ലൈക്കോക്ക് നൽകാൻ കൊയ്തുവെച്ച നെല്ലാണ് തോട്ടിലേക്ക് തട്ടിയിട്ട് നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുള്ളത്. നഗരസഭ സഹകരണത്തോടെ നടത്തിയ സംരംഭം എന്ന നിലയിൽ ഇതുസംബന്ധിച്ച് കൗൺസിൽ പൊലീസിൽ പരാതി നൽകും. ഇൻഡോർ സ്റ്റേഡിയം, സംസ്ഥാന കരാട്ടേ മത്സരത്തിന് അനുവദിക്കണമെന്ന സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്റേയും കരാട്ടേ അസോസിയേഷന്റെയും ആവശ്യം പരിഗണിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. മത്സരത്തിനായി സംഘാടകരായ സംസ്ഥാന കരാട്ടേ അസോസിയേഷൻ താൽക്കാലിക ഫ്ലോറിങ് തയാറാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റേഡിയം സ്ഥിരമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച സ്പോർട്ട്സ് കൗൺസിൽ ഭാരവാഹികളുമായി ചർച്ച നടത്തി തീരുമാനിക്കും. സ്റ്റേഡിയത്തിന്റെ ഫ്ലോറിങ് പ്രവൃത്തികൾ പൂർത്തിയാക്കാൻ ആവശ്യമായ തുക അനുവദിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് കൗൺസിൽ ആവശ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ നഗരസഭ കെട്ടിടങ്ങളിലെ വാടകക്കാർക്ക് വാടക ഇളവ് നൽകാൻ കൗൺസിൽ തീരുമാനിച്ചിരുന്നു എങ്കിലും, ചിലർക്ക് സമയ പരിധിക്കുള്ളിൽ അപേക്ഷ നൽകാൻ കഴിഞ്ഞില്ലെന്നും ഇവർക്ക് ഇളവ് അനുവദിക്കണമെന്നുമുള്ള മർച്ചന്റ് അസോസിയേഷന്റെ അപേക്ഷ കൗൺസിൽ പരിഗണിച്ചു. ഇനിയും വാടക അടക്കാൻ കഴിയാത്ത കച്ചവടക്കാരുടെ അപേക്ഷയിന്മേൽ മാർച്ച് 30 വരെ വാടക ഇളവ് അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സിന്ധുലോജു, സി.എസ്. സുരേഷ്, ബിജി സദാനന്ദൻ, വി.ജെ. ജോജി, വൽസൻ ചമ്പക്കര, അഡ്വ. ബിജു എസ്. ചിറയത്ത്, ഷിബു വാലപ്പൻ, എബി ജോർജ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story