Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആകാശപ്പാത:...

ആകാശപ്പാത: മേൽപാലത്തിന്‍റെ ഗർഡറുകൾ ഉയർത്തിത്തുടങ്ങി

text_fields
bookmark_border
തൃശൂര്‍: ശക്തന്‍ നഗറിലെ ആകാശപ്പാതയുടെ മേൽപാലത്തിന്‍റെ ഗർഡറുകളിൽ ഒന്ന്​ മുകളിലെത്തി. കോണ്‍ക്രീറ്റ് തൂണില്‍ ഉറപ്പിച്ച പില്ലര്‍ ട്രെസിലേക്ക്​ ഗർഡർ ഉറപ്പിക്കുന്നതിനായി രണ്ട്​ ക്രെയിനുകളുടെ സഹായത്തോടെയാണ്​ ഉയർത്തിയത്​. വെൽഡ്​ ചെയ്തു വെച്ച 30 ടൺ ഭാരമുള്ള ഗർഡർ പച്ചക്കറി മാർക്കറ്റിനോട്​ ചേർന്ന ഭാഗത്താണ്​ ഉയർത്തിവെച്ചത്​. ഇതിന്‍റെ അലൈൻമെന്‍റ്​ ജോലികൾ പുരോഗമിക്കുകയാണ്​. ഇത്​ ശരിയാവുന്നതോടെ ബുധനാഴ്ച രണ്ട്​ ഗർഡറുകൾകൂടി ഉയർത്താനാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മേയർ എം.കെ. വർഗീസ്​, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ്​ ഗർഡറുകൾ ഉയർത്തിയത്​. ഇതിന്‍റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം തുടരുകയാണ്​. കഴിഞ്ഞ വ്യാഴാഴ്ചയാണ്​ ഗർഡറുകൾ ഉയർത്തുന്ന പ്രവർത്തനത്തിന്​ തുടക്കംകുറിച്ചത്​. കോണ്‍ക്രീറ്റ് തൂണില്‍ ഉറപ്പിച്ച പില്ലര്‍ ട്രെസിലാണ്​ പാലം ഉറപ്പിക്കുന്നത്​. 30 മുതൽ 40 വരെ മീറ്റർ നീളമുള്ള നാല്​ ഗർഡറുകൾ ക്രെയിൻ ഉപയോഗിച്ചാണ്​ കോൺക്രീറ്റ്​ തൂണുകൾക്ക്​ സമീപത്തേക്ക്​ മാറ്റുന്നത്​. വെളിയന്നൂർ ജങ്​ഷനിൽനിന്ന്​ തുടങ്ങി സർക്കസ്​ മൈതാനിയിലൂടെ മുന്നേറി എറണാകുളം റോഡിൽ എത്തി നിൽക്കുന്ന ഒന്നാംഘട്ട അർധവൃത്ത മേൽപാലമാണ്​ ആദ്യഘട്ടത്തിൽ ഉറപ്പിക്കുന്നത്​. അർധ വൃത്തത്തി​​ന്‍റെ ബാക്കി പ്രവർത്തനം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 200 ടണുള്ള ഇരുമ്പുകൊണ്ടുള്ള ആകാശപ്പാലത്തിന്‍റെ ഭാഗങ്ങള്‍ നേരത്തേ നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകളില്‍ ആറ്​ മീറ്റര്‍ ഉയരത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. ആകാശപ്പാത ഉറപ്പിക്കുന്നതിന്​ മുന്നോടിയായി മേഖലയിൽ നിന്ന്​ എട്ടു കടകൾ പൊളിച്ചുമാറ്റി. ഷീറ്റുകൊണ്ടു മേഞ്ഞ മൂന്ന്​ ബേക്കറികളും ടാർപായ കൊണ്ട്​ ഒരുക്കിയ അഞ്ചു​ കടകളുമാണ്​ പൊളിച്ചുമാറ്റിയത്​. 280 മീറ്റർ ചുറ്റളവിൽ, 89 മീറ്റർ വ്യാസത്തിൽ, മൂന്നു മീറ്റർ വീതിയിൽ, ആറു മീറ്റർ ഉയരത്തിലാണ്​ ആകാശപ്പാത ഒരുങ്ങുന്നത്​. 16 കോൺക്രീറ്റ്​ തൂണുകളിലാണ്​ പാത സ്ഥാപിക്കുന്നത്​. കെ.എസ്​.ആർ.ടി.സി ബസ്​സ്റ്റാൻഡ്​, ശക്തൻ ബസ്​സ്റ്റാൻഡ്​, വെളിയന്നൂർ ജങ്​ഷൻ, ശക്തൻ പച്ചക്കറി മാർക്കറ്റ്​, മത്സ്യ മാർക്കറ്റ്​, പാലക്കാട്​ റോഡ്​, എറണാകുളം റോഡ്​ അടക്കം എട്ട്​ സ്ഥലങ്ങളിൽ യാത്രക്കാർക്ക്​ കയറാനും ഇറങ്ങാനും സൗകര്യം ഒരുക്കും. 350 ടൺ ഉരുക്കാണ്​ ഇതിനായി ഉപയോഗിക്കുന്നത്​. മൂന്നര ലക്ഷം കിലോയാണ്​ മൊത്തം ഭാരം. മുകളിലെത്തിയാല്‍ മൂന്ന്​ മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ളിടത്ത് ഇറങ്ങാം. പടികള്‍ കയറാന്‍ പ്രായമായവര്‍ക്ക്​ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ ലിഫ്റ്റ് സ്ഥാപിക്കും. എസ്കലേറ്റര്‍ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്. രണ്ടാം ഘട്ടത്തിലാണ് ഇതിന്റെ ജോലികള്‍ നടക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story