Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTദീപുവിന്‍റെ മരണം കൊലപാതകമാക്കാൻ ഗൂഢാലോചന -സി.പി.എം
text_fieldsbookmark_border
കോലഞ്ചേരി: ദീപുവിന്‍റെ മരണം കൊലപാതകമാക്കാൻ നടക്കുന്ന നീക്കം ദുരുപദിഷ്ടമാണെന്ന് സി.പി.എം. കിറ്റെക്സ് എം.ഡിയും കാവുങ്ങൽപറമ്പ് വാർഡ് മെംബറും ഇതിനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദീപുവിന്റെ മരണം കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് രാഷ്ട്രീയമോഹങ്ങൾക്ക് ഉപയോഗിക്കുകയാണ്. സംഭവത്തിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല. കിറ്റെക്‌സ് കമ്പനിയിൽ ക്രിസ്‌മസ് രാവിൽ നടന്ന സംഭവ വികാസങ്ങളെത്തുടർന്ന് ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ട കിറ്റെക്‌സ് എം.ഡി ഈ മരണത്തെ താൽക്കാലിക ലാഭത്തിനായി ഉപയോഗിക്കുകയാണ്. ഈ മാസം 13, 14 തീയതികളിൽ കാവുങ്ങൽപറമ്പിലും പരിസരത്തുമുണ്ടായിരുന്ന ദീപു പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെത്തി തലവേദനയുണ്ടെന്നും വിവിധ രോഗങ്ങളുണ്ടെന്നും അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും മാത്രമാണ് ഡോക്‌ടറോട് പറഞ്ഞത്. അവിടെനിന്ന് രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ബോധക്ഷയമുണ്ടായതായാണ് അറിയുന്നത്. സി.പി.എം ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. 13ന് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ഹുണ്ടിക ശേഖരണം നടന്ന ദിവസം ദീപുവിന്റെ വീട്ടിലും പാർട്ടി പ്രവർത്തകർ സന്ദർശനം നടത്തിയിരുന്നു. ദീപു അമ്മയോട് പണം വാങ്ങി അതിൽ പങ്കാളിയാവുകയും ചെയ്‌തതാണ്. ദീപുവും പാർട്ടി പ്രവർത്തകരും തമ്മിൽ ഒരു തർക്കവും സംഘർഷവും അവിടെയുണ്ടായിരുന്നില്ല. ഒരു വീട്ടിലെ ലൈറ്റ് അവരുടെ അനുവാദമില്ലാതെ അതിക്രമിച്ചുകയറി അണച്ചതിന്റെ പേരിൽ അവിടെയുണ്ടായിരുന്ന വാക്തർക്കം അന്നേ പരിഹരിക്കപ്പെട്ടു പോയതുമാണ്. എന്നാൽ, ഇതിനിടയിൽ ദീപുവിന്റെ രോഗാവസ്ഥയെ ഉപയോഗിച്ച് പ്രശ്‌നം രാഷ്ട്രീയവത്കരിക്കാൻ ഗൂഢശ്രമം നടത്തുകയായിരുന്നു. പഴങ്ങനാട് ആശുപത്രിയിൽ പോകുന്നതിനുമുമ്പ് നടന്ന കാര്യങ്ങൾ വിശദമായി അന്വേഷിക്കണം. ആശുപത്രിയിൽ പോയശേഷം രോഗാവസ്ഥയെ കൊലപാതകമാക്കി വക്രീകരിക്കാനുള്ള ഗൂഢശ്രമം നടന്നിട്ടുണ്ട്. 12, 13 തീയതികളിലും 14ന് ഉച്ചവരെയും ഒരുവിധ ശാരീരികാസ്വാസ്ഥ്യങ്ങളുമില്ലാതെ പിന്നീട് ആശുപത്രിയിൽ പോകേണ്ടിവന്ന ദീപു അബോധാവസ്ഥയിലായ ശേഷം ട്വന്റി20യുടെ പഞ്ചായത്ത് അംഗം വ്യാജ പരാതി നൽകിയതിന് പിന്നിലെ ഗൂഢാലോചനയും ഗൗരവമായി അന്വേഷിക്കണം. വാർത്തസമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗങ്ങളായ കെ.വി. ഏലിയാസ്, അഡ്വ. കെ.എസ്. അരുൺകുമാർ, കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ. വർഗീസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story