Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:34 AM IST Updated On
date_range 14 Feb 2022 5:34 AM ISTഅതിസുരക്ഷ ജയിലിലെ തടവുകാരന്റെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയെന്ന്
text_fieldsbookmark_border
ജയിൽ അധികൃതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിൽ പാർപ്പിച്ചിരുന്ന ശിക്ഷ തടവുകാരൻ അഭിജിത്ത് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ആക്ഷേപം. ജയിലിലെ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 27 മുതൽ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ഈ മാസം അഞ്ചിന് അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോവിഡ് ബ്ലോക്കിൽ റെഡ് സോണിലാണ് കഴിഞ്ഞിരുന്നത്. മറ്റു രണ്ട് പ്രതികൾ കൂടി ഇവിടെ ഉണ്ടായിരുന്നതായാണ് അധികൃതരുടെ തന്നെ വിശദീകരണം. ശനിയാഴ്ച രാവിലെ 11.20ന് ഇവർക്ക് പാൽ നൽകാനായി ജീവനക്കാർ എത്തിയപ്പോൾ അഭിജിത്തിനെ പാർപ്പിച്ചിരുന്ന സെല്ലിന്റെ എക്സ്ഹോസ്റ്റ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഉടൻ ഡ്യൂട്ടി ഡോക്ടറെയും സുരക്ഷ ജീവനക്കാരെയും വിവരമറിയിക്കുകയും ശരീരം താഴെ കിടത്തി പരിശോധിച്ചതിൽ മരണം സ്ഥിരീകരിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. സെല്ലിൽ രണ്ട് പ്രതികൾ കൂടി വേറെയുണ്ടായിരുന്നുവെന്നതും പകൽ നേരത്താണ് തൂങ്ങിമരിച്ചതെന്നതുമാണ് ഇതിലെ പൊരുത്തക്കേട്. ജനുവരി 27ന് ഉറക്കമില്ലായ്മയും ശാരീരിക ബുദ്ധിമുട്ടും പറഞ്ഞതിനെ തുടർന്ന് തൃശൂർ ജില്ല ആശുപത്രിയിലേക്ക് അയച്ചെന്നും അവിടെനിന്ന് അവർ റഫർ ചെയ്തത് പ്രകാരമാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും ജയിൽ അധികൃതർ പറയുന്നു. മാനസിക അസുഖങ്ങൾ ഒന്നും ഇല്ലാത്ത ഒരാളെ, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്തതിൽ ദുരൂഹതകൾ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. പഴുതടച്ച അന്വേഷണത്തിന് തയറാകണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്‍റ് ഹരിയും സെക്രട്ടറി സി.പി. റഷീദും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story