Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:33 AM IST Updated On
date_range 11 Feb 2022 5:33 AM ISTവഴിപാട് വിവാദങ്ങളിൽ അതൃപ്തി; തന്ത്രിമാരുടെ യോഗം വിളിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്
text_fieldsbookmark_border
സംഭവങ്ങളിൽ സർക്കാർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു തൃശൂർ: വഴിപാട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. വെള്ളിയാഴ്ച രാവിലെ തൃശൂരിലെ ബോർഡ് ആസ്ഥാനത്താണ് യോഗം. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ കാൽക്കഴുകിച്ചൂട്ട് വഴിപാട് ഹൈകോടതിയിൽ നിയമനടപടി നേരിടുന്ന സാഹചര്യത്തിലും വിവിധ ക്ഷേത്രങ്ങളിലെ പരിഷ്കൃത സമൂഹത്തിന് ചേരാത്ത വഴിപാട് അടക്കമുള്ള അനാചാരങ്ങൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തിന്‍റെ പശ്ചാത്തലത്തിലുമാണിത്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലും കൊടുങ്ങല്ലൂർ ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ചടങ്ങ് നടത്തുന്നത് വിവാദമായതിന് പിന്നാലെ കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലും കാൽക്കഴുകിച്ചൂട്ട് വിവാദമുയർന്നിരുന്നു. ബോർഡ് നിർദേശിച്ചതനുസരിച്ച് വെള്ളിയാഴ്ച നടക്കേണ്ട പരിപാടി ക്ഷേത്ര ഉപദേശക സമിതി ഉപേക്ഷിച്ചു. കൊടുങ്ങല്ലൂരിലെയും എറണാകുളത്തെയും സംഭവങ്ങളിൽ സർക്കാർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ നേരിട്ട് വിളിച്ച് പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രാകൃത നടപടികൾ അംഗീകരിക്കില്ലെന്നും ഒഴിവാക്കാനും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാറളത്തെ സംഭവമെന്നതിൽ സർക്കാറിനും സി.പി.എം നേതൃത്വത്തിനും കടുത്ത അമർഷമുണ്ട്. ഇരിങ്ങാലക്കുടയിലെ കാൽക്കഴുകിച്ചൂട്ട് വിവാദത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ആർ. ബിന്ദു രംഗത്തെത്തി. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പട്ടികജാതി ക്ഷേമസമിതിയും പരസ്യമായി തന്നെ എതിർപ്പുയർത്തി. സി.പി.എം പ്രതിനിധി പ്രസിഡന്‍റായ ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ അനഭിലഷണീയ നടപടികളുണ്ടാവുന്നതിൽ അസ്വസ്ഥതയിലാണ് സി.പി.എം നേതൃത്വം. ബോർഡ് ഇടതുപക്ഷമാണ് ഭരിക്കുന്നതെങ്കിലും ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണച്ചുമതലകൾ നിർവഹിക്കുന്ന ക്ഷേത്ര ഉപദേശക സമിതികളിൽ സംഘ്പരിവാർ അനുകൂലികളാണെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. ബോർഡിന് കീഴിലുള്ള വടക്കുന്നാഥൻ ക്ഷേത്രം ഇപ്പോൾ സി.പി.എം നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടെ കൈവശമാണ്. മുൻകാലങ്ങളിൽ നടന്നിരുന്നതിനേക്കാൾ വിപുലമായ പരിപാടികളും വികസന പ്രവൃത്തികളും വരുമാനവും ക്ഷേത്രത്തിന് ഈ കാലയളവിലുണ്ടാക്കാൻ കഴിഞ്ഞത് ചൂണ്ടിക്കാണിച്ച് ഇത് വിപുലമാക്കാൻ ഘടകങ്ങൾക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ട്. വഴിപാടുകളും ആരാധനാക്രമങ്ങളും ആചാരങ്ങളും അടക്കമുള്ളവയുടെ അധികാരി തന്ത്രിമാരാണ്. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ കാൽക്കഴുകിച്ചൂട്ട് സംബന്ധിച്ച് ഹൈകോടതിയിലെ ഹരജിയിൽ തന്ത്രിയുടെ നിർദേശാനുസരണമെന്നാണ് ബോർഡ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇവയിൽ മാറ്റം വരുത്താനും തന്ത്രിമാർക്കാണ് അധികാരം. പലയിടങ്ങളിലും വിവാദ വഴിപാടുകൾ രജിസ്റ്റർ ചെയ്തതാണ്. ഇത് മാറ്റണമെങ്കിൽ അജണ്ടയിലുൾപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഈ സാഹചര്യത്തിലാണ് തന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. സർക്കാർ നിർദേശവും ബോർഡിന്‍റെ അഭിപ്രായവും തന്ത്രിമാരെ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story