Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:35 AM IST Updated On
date_range 29 Jan 2022 5:35 AM ISTകുഞ്ഞാലിപ്പാറയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ മറ്റത്തൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനം
text_fieldsbookmark_border
കൊടകര: കുഞ്ഞാലിപ്പാറയിലെ സ്വകാര്യ മെറ്റല്‍ ക്രഷര്‍ യൂനിറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ മധ്യത്തിലൂടെ പൊതുവഴി കടന്നുപോകുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിർത്തലാക്കി കൈയേറ്റം ഒഴിപ്പിക്കാൻ മറ്റത്തൂര്‍ പഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായി തീരുമാനിച്ചതായി പ്രസിഡന്‍റ് അശ്വതി വിബി അറിയിച്ചു. 2021 ഡിസംബര്‍ 12ലെ ഹൈകോടതിയുടെ വിധിപകര്‍പ്പ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാൻ തടസ്സങ്ങളുണ്ടോയെന്നത് പരിശോധിച്ച് മൂന്നു ദിവസത്തിനകം രേഖാമൂലം നിയമോപദേശം തേടാനും യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് അറിയിച്ചു. പഞ്ചായത്ത് 16ാം വാർഡിൽ പ്രവർത്തിക്കുന്ന സ്ഥാപനം കൈവശം വച്ചുപോരുന്ന പുറമ്പോക്ക് വഴിയുടെ സർവേ നടത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കെച്ച് പ്രകാരം അതിര്‍ത്തിയില്‍ സർവേ കല്ലുകള്‍ സ്ഥാപിക്കുന്ന നടപടി പൂര്‍ത്തീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കണമെന്ന് കാട്ടി വാര്‍ഡംഗം എം.എസ്. സുമേഷ്, ഒമ്പതുങ്ങല്‍ സ്വദേശി ഐസക് ചെറിയാന്‍ എന്നിവര്‍ നല്‍കിയ അപേക്ഷ വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമിതിയോഗം ചര്‍ച്ച ചെയ്തു. പാറമടയിലൂടെയാണ് ഇവിടെ പൊതുവഴി കടന്നുപോകുന്നതെന്ന് ബോധ്യപ്പെടാത്ത സാഹചര്യത്തിലാകാം ഈ സ്ഥാപനത്തിന് എന്‍വയേണ്‍മെന്‍റ് ക്ലിയറന്‍സും മൈനിങ് ലീസും ലഭ്യമായിട്ടുള്ളതെന്ന് യോഗം വിലയിരുത്തി. പൊതുറോഡില്‍ നിന്ന് പാലിക്കേണ്ട നിയമാനുസരണ ദൂരപരിധിയും വ്യവസ്ഥകളും ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ബന്ധപ്പെട്ട് വകുപ്പുകളോട് ആവശ്യപ്പെടാനും സ്ഥാപനത്തിന്റെ പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിന് റവന്യു അധികാരികളോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൊടകര: പുറമ്പോക്ക് ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് കെ.ആര്‍. ഔസേഫിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങള്‍ പഞ്ചായത്ത് ഏറ്റെടുക്കുകയും ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയും ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. തെറ്റായ രീതിയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയ മുമ്പത്തെ പഞ്ചായത്ത് ഭരണ സമിതിക്കും സെക്രട്ടറിക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story