Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM ISTതളിക്കുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; അഞ്ച് മണിക്കൂറിന് ശേഷം നാലുപേരെയും രക്ഷപ്പെടുത്തി
text_fieldsbookmark_border
ബി.ടെക് വിദ്യാർഥിയുടെ ഡ്രോൺ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുണയായി വാടാനപ്പള്ളി: തളിക്കുളം തമ്പാൻകടവിൽനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വഞ്ചി കടലിൽ തിരയിൽപെട്ട് മറിഞ്ഞു. അഞ്ച് മണിക്കൂറോളം കടലിൽ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികൾക്ക് തുണയായത് കരയിൽനിന്ന് എത്തിയ മത്സ്യത്തൊഴിലാളികൾക്കൊപ്പം ബി.ടെക് വിദ്യാർഥി നടത്തിയ ഡ്രോൺ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം. ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് തമ്പാൻകടവ് അറപ്പതോടിന് സമീപത്തുനിന്ന് തമ്പാൻകടവ് സ്വദേശി ചെമ്പാടൻ കുട്ടൻെറ (60) ഉടമസ്ഥതയിലുള്ള പറശ്ശിനിക്കടവ് മുത്തപ്പൻ വഞ്ചിയിൽ കുട്ടൻപാറൻ സുബ്രഹ്മണ്യൻ (60), അറക്കവീട്ടിൽ ഇക്‌ബാൽ (50), ചെമ്പനാടൻ വിജയൻ (55) എന്നിവർ മത്സ്യബന്ധനത്തിന് തിരിച്ചത്. കരയിൽനിന്ന് 11 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ ശക്തമായ കാറ്റ് വീശിയതോടെ വഞ്ചിയിലേക്ക് വെള്ളം കയറിത്തുടങ്ങി. രാവിലെ എട്ടരയോടെ മത്സ്യത്തൊഴിലാളികളിൽ ഒരാൾ തമ്പാൻകടവിലെ സുഹൃത്ത് ജയനെ വിവരമറിയിച്ചു. നാട്ടുകാർ വാടാനപ്പള്ളി പൊലീസിനും വാടാനപ്പള്ളി പൊലീസ് അഴീക്കോട്, മുനക്കക്കടവ് തീരദേശ പൊലീസിനും പൊന്നാനി പൊലീസിനും വിവരം കൈമാറി. ഇതിനിടെ നാട്ടിക, തമ്പാൻകടവ്, ചേറ്റുവ ഹാർബർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്താൻ ഇറങ്ങിയെങ്കിലും പിന്നീട് തിരിച്ചുപോന്നു. സ്ഥലത്തെത്തിയ ഗീത ഗോപി എം.എൽ.എ തൃശൂർ ജില്ല കലക്ടർ എസ്. ഷാനവാസുമായി ബന്ധപ്പെട്ട് നേവിയുടെ സഹായം അഭ്യർഥിച്ചു. എറണാകുളം കലക്ടർക്ക് വിവരം കൈമാറിയെങ്കിലും ഹെലികോപ്ടർ തകരാറിലാണെന്ന് അറിയിച്ചു. ഉച്ചയോടെ സ്ഥലത്തെത്തിയ ബി.ടെക് വിദ്യാർഥിയും തളിക്കുളം കൊപ്രക്കളം എരണേഴുത്ത് വീട്ടിൽ സുബിലിൻെറ മകനുമായ ദേവാങ്കിൻെറ ഇടപെടലാണ് രക്ഷാപ്രവർത്തനം സാധ്യമാക്കിയത്. ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റിയിൽ ബി.ടെക് വിദ്യാർഥിയായ ദേവാങ്ക് കൈവശമുള്ള ഡ്രോണുമായി തമ്പാൻകടവിലെത്തി. സ്ഥലത്തുണ്ടായിരുന്ന വാടാനപ്പള്ളി എസ്.ഐ കെ.ജെ. ജിനേഷ് കടലിൽ ഇറങ്ങാൻ അനുമതി നൽകി. ഡ്രോൺ ഉപയോഗിച്ച ദേവാങ്ക് വിഷ്ണുമായ വഞ്ചിയിലാണ് ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികൾ നൽകിയ നിർദേശമനുസരിച്ച് ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനിടെ നാലുപേരെയും കണ്ടെത്തി. പ്ലാസ്റ്റിക് ടാങ്ക്, കന്നാസ്, ബക്കറ്റ്, പങ്കായം എന്നിവയിൽ പിടിച്ചുകിടക്കുകയായിരുന്നു ഇവർ. എല്ലാരെയും രണ്ട് വഞ്ചികളിലായി കരയിലെത്തിച്ചു. രണ്ട് ആംബുലൻസുകളിലായി നാലുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story