Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:01 AM IST Updated On
date_range 11 Aug 2022 1:01 AM ISTശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റിൽ മറന്നുവെച്ച സംഭവം: മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പാൻക്രിയാസ് ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്സ് രോഗിയുടെ വയറ്റിൽ മറന്നുവെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽനിന്ന് നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരന് നൽകാം. ഉത്തരവാദപ്പെട്ടവരിൽനിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറയുന്നു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണം. അല്ലാത്തപക്ഷം 10 ശതമാനം പലിശ നൽകേണ്ടിവരും. തുക കൈമാറിയ ശേഷം ആരോഗ്യവകുപ്പ് സെക്രട്ടറി കമീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. സംഭവത്തിൽ ചികിത്സ പിഴവുണ്ടായതായി കമീഷൻ കണ്ടെത്തി. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ. പോളി ജോസഫ്, ഡോ. അർഷാദ്, ഡോ. പി.ആർ. ബിജു, നഴ്സുമാരായ മുഹ്സിന, ജിസ്മി വർഗീസ് എന്നിവർ കുറ്റക്കാരാണെന്ന് കമീഷൻ കണ്ടെത്തി. തൃശൂർ കണിമംഗലം സ്വദേശിയായ ഓട്ടോ തൊഴിലാളിയായ ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി. 2020 മേയ് അഞ്ചിനാണ് ജോസഫ് പോളിന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങിയ കാര്യം മനസ്സിലാക്കിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഡോക്ടർമാർക്കെതിരെ തൃശൂർ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കൽ ബോർഡും ഡോക്ടർമാരുടെ ഭാഗത്ത് കുറ്റം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story