Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രി മുഹമ്മദ്...

മന്ത്രി മുഹമ്മദ് റിയാസിന് പ്രതിപക്ഷ നേതാവിന്റെ മറുപടി: അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നാണ് മന്ത്രിയുടെ മറുപടി

text_fields
bookmark_border
ആലപ്പുഴ: അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്ന് പറയും പോലെയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ മറുപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസ് നവസങ്കല്‍പ്​ പദയാത്ര മാങ്കാങ്കുഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരം കിട്ടാതെ വരുമ്പോള്‍ കൊഞ്ഞനം കുത്തുകയാണ്​. അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി ആയതുകൊണ്ടാണ് ചോദ്യങ്ങള്‍ ചോദിച്ചത്. വെറും മുഹമ്മദ് റിയാസായിരുന്നെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കില്ലായിരുന്നു. റോഡിലെ കുഴി അടക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മനസ്സിലെ കുഴി അടക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മനസ്സിലെ കുഴികൊണ്ട് ആരും മരിക്കാനൊന്നും പോകുന്നില്ല. പക്ഷേ, റോഡിലെ കുഴി അപകടകരമാണ്. അത് അടക്കണം. സര്‍ക്കാറിന്റെ തെറ്റ് തിരുത്തുകയും അശ്രദ്ധയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. മന്ത്രി എന്തിനാണ് വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കുന്നത്? ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം, എനിക്ക് ജയിലില്‍ പോയി പരിചയമില്ല, കൊതുകുകടി കൊണ്ടിട്ടില്ല, ഒളിവില്‍ പോയിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. റോഡിലെ കുഴികളെക്കുറിച്ച്​ സംസാരിക്കാന്‍ ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ? ഇനി ഞാന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്ന ആക്ഷേപം കൂടി ഈ മന്ത്രി പറയും. മന്ത്രിക്ക് അസഹിഷ്ണുതയാണ്. ദേശീയപാത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും പൊതുമരാമത്ത് റോഡിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെയും പ്രതിപക്ഷം വിമര്‍ശിച്ചിട്ടുണ്ട്. വളരെ ലളിതമായ ചോദ്യങ്ങളാണ് സര്‍ക്കാറിനോട് ചോദിച്ചത്. മഴക്ക്​ മുമ്പുള്ള അറ്റകുറ്റപ്പണി സംസ്ഥാനത്ത് നടന്നിട്ടില്ല. പ്രീ മണ്‍സൂണ്‍ വര്‍ക്ക് പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കായി നടക്കാന്‍ പോകുകയാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരമില്ല. പരസ്പരവിരുദ്ധമായാണ് മന്ത്രി സംസാരിക്കുന്നത്. പ്രതിപക്ഷം ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. റോഡിലെ കുഴിയടക്കുമോയെന്നതാണ്​ മന്ത്രി പറയേണ്ടത്. നന്നായി ജോലി ചെയ്താല്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കും. എന്റെ 21 വര്‍ഷത്തെ പാര്‍ലമെന്ററി അനുഭവത്തിന് ഒരു വിലയുമില്ലെന്നാണ് മന്ത്രി പറയുന്നത്. അതെല്ലാം ജനങ്ങള്‍ വിലയിരുത്തട്ടെ. നമ്മളൊന്നും അങ്ങോട്ടുമിങ്ങോട്ടും മാര്‍ക്കിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story