Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:54 AM IST Updated On
date_range 27 Jun 2022 5:54 AM ISTചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
text_fieldsbookmark_border
ഗുരുവായൂർ: സാഹിത്യത്തിന്‍റെ നാനാ മേഖലകളിലും മാധ്യമ-ചലച്ചിത്ര-നാടക രംഗത്തും തനത് വ്യക്തിമുദ്ര പതിപ്പിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) നിര്യാതനായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാവില്‍ വാരിയത്ത് ശങ്കുണ്ണി വാര്യരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനായി 1936ല്‍ ചൊവ്വല്ലൂര്‍ വാരിയത്ത് ജനിച്ച കൃഷ്ണൻകുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങപ്പുറം അപ്പുണ്ണി മെമ്മോറിയല്‍ സ്‌കൂളിലായിരുന്നു. മറ്റം സൻെറ് ഫ്രാന്‍സിസ് ഹൈസ്‌കൂളിലെ പഠനത്തിനുശേഷം തൃശൂര്‍ ശ്രീകേരളവര്‍മയിൽ കോളജ് പഠനം. പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിൽ തൃശൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നവജീവന്‍' ദിനപത്രത്തിന്‍റെ സബ് എഡിറ്ററായി പത്രപ്രവർത്തനം തുടങ്ങി. ഗുരുവായൂരില്‍നിന്നുള്ള ആദ്യത്തെ സായാഹ്നപത്രമായ 'സ്വതന്ത്രമണ്ഡപ'ത്തിന്‍റെ പത്രാധിപരായി. കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായും പ്രവർത്തിച്ചു. 1966ല്‍ മലയാള മനോരമയുടെ പത്രാധിപ സമിതി അംഗമായി. അസിസ്റ്റൻറ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ച് 2004ല്‍ വിരമിച്ചു. കേരള സംഗീതനാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്‍റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികൾ വഹിച്ചു. കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാള്‍, കീഴ്പ്പടം കുമാരന്‍ നായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, ചമ്പക്കുള്ളം പാച്ചുപിള്ള, കലമണ്ഡലം കല്യാണിക്കുട്ടിയമ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തുടങ്ങി ധാരാളം ഡോക്യുമൻെററികളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കഥ, കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നർമലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രഫഷനല്‍ നാടക നടനായിരുന്നു. ഏറ്റവും മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരം (നാടകം അഗ്രഹാരം) ലഭിച്ചിട്ടുണ്ട്. ചലച്ചിത്രഗാനങ്ങള്‍, റേഡിയോ നാടകങ്ങള്‍ എന്നിവയും 3500ല്‍പരം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ഒരുനേരമെങ്കിലും കാണാതെ വയ്യെന്‍റെ, ആനയിറങ്ങും മാമലയിൽ, ഒരുവട്ടം തൊഴുതുമടങ്ങുമ്പോൾ തോന്നുന്നു, കാനനവാസ കലിയുഗവരദാ തുടങ്ങിയ ഭക്തിഗാനങ്ങൾ ഏറെ ശ്രദ്ധനേടി. ഹരിഹരൻ സംവിധാനം സർഗം സിനിമക്ക് സംഭാഷണം എഴുതി. നടൻ മധു നിർമിച്ച 'പ്രഭാത സന്ധ്യ' സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരാണ്. റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തു. 'ഇന്ദുലേഖ' നോവൽ നാടകമാക്കി ആകാശവാണി നിലയങ്ങൾ പ്രക്ഷേപണം ചെയ്തപ്പോൾ അതിലെ സൂരി നമ്പൂതിരിപ്പാടിന് ശബ്ദം നൽകി. ഗുരുവായൂർ ദേവസ്വത്തിന്‍റെ ഭക്തപ്രിയ മാസികയുടെ തുടക്കം മുതലുള്ള പത്രാധിപ സമിതി അംഗമാണ്. ജ്ഞാനപ്പാന, രേവതി പട്ടത്താനം, തിരുവെങ്കിടാചലപതി, പാമ്പാടി നാഗരാജക്ഷേത്രം, വേദക്കാട് ക്ഷേത്രം, പുത്തൂര്‍ ദേവിക്ഷേത്രം, കേരള കലാമണ്ഡലത്തിന്‍റെ മുകുന്ദരാജ സ്മൃതി പുരസ്‌കാരം, വാരിയര്‍ സമാജത്തിന്‍റെ സഞ്ജീവനി അവാര്‍ഡ്, ടോംയാസ് അവാര്‍ഡ്, ഗീതാഗോവിന്ദം അവാര്‍ഡ്, സിദ്ധിനാഥാനന്ദസ്വാമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍. മരുമക്കൾ: ഗീത, പരേതനായ സുരേഷ് ചെറുശ്ശേരി. tcg death chowalloor.................ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story