Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:32 AM IST Updated On
date_range 17 Jun 2022 5:32 AM ISTകുറ്റപത്രം സമർപ്പിച്ചിട്ട് ഒരുവർഷം; കൊടകര കുഴൽപണക്കേസ് എന്തായി?
text_fieldsbookmark_border
*ഒന്നുമറിയാതെ കേരള പൊലീസ്, ഇ.ഡിക്ക് നൽകിയ കത്തിലും അന്വേഷണമുണ്ടായില്ല തൃശൂർ: ബി.ജെ.പി പ്രതിസ്ഥാനത്തുള്ള കൊടകര കുഴല്‍പണ കവര്‍ച്ചക്കേസില്‍ കുറ്റപത്രം സമർപ്പിച്ചിട്ട് ഒരുവർഷമാകുന്നു. കേസിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് കേരള പൊലീസിനും നിശ്ചയമില്ല. അന്തർസംസ്ഥാന ബന്ധവും കള്ളപ്പണക്കടത്തും ആയതിനാൽ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകുകയും പരിശോധന തുടരുന്നെന്ന് ഇ.ഡി കോടതിയിൽ അറിയിക്കുകയും ചെയ്തെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾതന്നെ സൂചിപ്പിക്കുന്നു. 2021 ഏപ്രിൽ മൂന്നിന് പുലർച്ചയാണ് തെരഞ്ഞെടുപ്പുചെലവിന് കർണാടകയിൽനിന്ന് എത്തിച്ച മൂന്നര കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തത്. പണം തട്ടിയെടുത്ത സംഘത്തിലെ സ്ത്രീകളടക്കം 22 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെത്തുകയും ചെയ്തുവെങ്കിലും ബാക്കി പണം, പണം വന്നത് എവിടെനിന്ന്, ആർക്ക് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. പണം ബി.ജെ.പി കേരളത്തിലെ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ കൊണ്ടുവന്നതാണെന്നും സംസ്ഥാന നേതാക്കളുടെയടക്കം അറിവോടെയാണ് എത്തിച്ചതെന്നുമുള്ള കേരള പൊലീസിന്‍റെ നിഗമനങ്ങൾ കേന്ദ്ര ഏജൻസിക്ക് കൈമാറിയെങ്കിലും അവർ പ്രാഥമികാന്വേഷണംപോലും നടത്തിയില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ വർഷം ജൂലൈ 23ന് ആദ്യ കുറ്റപത്രവും സെപ്റ്റംബറിൽ അധിക റിപ്പോർട്ടും കൈമാറി. അറസ്റ്റിലായവരെല്ലാം ജാമ്യത്തിലാണ്. സെപ്റ്റംബറിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്തതിൽ കുറച്ചുകൂടി പണം കണ്ടെടുത്തു, ഒരാളെകൂടി പ്രതി ചേർത്തു. കൂടുതൽ ഒന്നുമുണ്ടായില്ല. കര്‍ണാടകയില്‍നിന്ന് എത്തിച്ച ബി.ജെ.പി ഫണ്ടാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന്‍ കോഴിക്കോട് സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധര്‍മരാജന്‍റെ മൊഴിയിലാണ് അന്വേഷണം തുടങ്ങിയത്. പിന്നീട് ധര്‍മരാജന്‍ ഇത് തന്‍റെയും യുവമോർച്ച മുൻ സംസ്ഥാന നേതാവ് സുനിൽ നായിക്കിന്‍റെയും വ്യവസായ ആവശ്യത്തിനുള്ള പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാൽ, പണത്തിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ ധര്‍മരാജന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും മകനുമടക്കം 19 നേതാക്കളെ സാക്ഷികളാക്കിയാണ് പൊലീസിന്‍റെ കുറ്റപത്രം. ധര്‍മരാജന്‍റെ ഫോണ്‍ കാളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സുരേന്ദ്രനിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story