Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസ്വം ഫണ്ടിൽനിന്ന്...

ദേവസ്വം ഫണ്ടിൽനിന്ന് സർക്കാറിന്‍റെ ദുരിതാശ്വാസ നിധിയിലേക്കടക്കം നൽകാനാവില്ലെന്ന് ഹൈകോടതി ഫുൾബെഞ്ച്​

text_fields
bookmark_border
കൊച്ചി: ഗുരുവായൂർ ദേവസ്വം ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസിയിലേക്കോ പണം നൽകാൻ ദേവസ്വം മാനേജിങ്​ കമ്മിറ്റിക്ക് അധികാരമില്ലെന്ന്​ വനിത ജഡ്​ജിമാർ മാത്രമടങ്ങുന്ന ഹൈകോടതി ഫുൾ ബെഞ്ചിന്‍റെ ഉത്തരവ്​. ദേവസ്വം ഫണ്ടിൽനിന്ന്​ സംഭാവനകൾ നൽകാനാവില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ റിവ്യൂ ഹരജികൾ തള്ളിയാണ്​ ജസ്റ്റിസ് അനുശിവരാമൻ, ജസ്റ്റിസ് വി. ഷെർസി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​. വനിത ജഡ്‌ജിമാർ മാത്രം ഉൾപ്പെട്ട ഫുൾ ബെഞ്ച് സിറ്റിങ്​ നടത്തി വിധി പറയുന്നത് കേരള ഹൈകോടതിയുടെ ചരിത്രത്തിലാദ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2019ൽ പ്രളയ ദുരിതാശ്വാസമായും 2020ൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോഴും അഞ്ചു കോടി രൂപ വീതം ദേവസ്വം മാനേജിങ്​ കമ്മിറ്റി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവിധ ഹിന്ദു സംഘടനകളും ഭക്തരും നൽകിയ ഹരജികളാണ് കേസിനാധാരം. പ്രളയ ദുരിതാശ്വാസം നൽകിയതിനെ എതിർത്ത്​ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. എന്നാൽ, കോവിഡ് വ്യാപന സമയത്ത് പണം നൽകിയതിനെതിരായ ഹരജികളിൽ മറ്റൊരു ഡിവിഷൻ ബെഞ്ച് വിപരീത നിലപാടാണ് സ്വീകരിച്ചത്. തുടർന്നാണ് ഹരജികൾ ഫുൾ ബെഞ്ചിന്​ വിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാവില്ലെന്നും ദേവസ്വം സ്വത്തുക്കളുടെ ട്രസ്റ്റിയെന്ന നിലയിൽ കമ്മിറ്റി ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും 2020 ഡിസംബർ 18 ലെ വിധിയിൽ ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ സെക്​ഷൻ 27 (സി) യിൽ ഭക്തർക്ക് വൈദ്യസഹായം, ജലവിതരണം, ശുചീകരണം എന്നിവക്കായി തുക ചെലവിടാമെന്ന്​ പറയുന്നത് വിശാല അർഥത്തിൽ കാണേണ്ടതില്ലെന്നും പറഞ്ഞിരുന്നു. ഇത്​ പുനഃപരിശോധിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടത്. ദുരിതകാലത്ത് ഭക്തരെ സഹായിക്കാൻ കമ്മിറ്റിക്ക് ബാധ്യതയുണ്ടെന്നും ദുരിതാശ്വാസ നിധിയിലൂടെ കേരളത്തിലെല്ലായിടത്തുമുള്ള ഭക്തർക്ക് സഹായം ലഭിക്കുമെന്നും സർക്കാർ വാദിച്ചു. ഭക്തർക്ക് സഹായങ്ങൾ നൽകണമെന്ന വ്യവസ്ഥ ക്ഷേത്രപരിസരത്ത്​ മാത്രമാണ്​ ബാധകമെന്ന​ ഫുൾ ബെഞ്ച് വിലയിരുത്തൽ നിയമപരമല്ലെന്നും വാദിച്ചു. എന്നാൽ, ഈ വ്യവസ്ഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കാനാണെന്ന്​ ഫുൾബെഞ്ച് വ്യക്​തമാക്കി. അതേസമയം, രാജ്യമെങ്ങുമുള്ള ലക്ഷക്കണക്കിന് ഗുരുവായൂരപ്പൻ ഭക്തരുടെ ഉന്നമനത്തിന് തുക വിനിയോഗിക്കണമെന്ന് പറയാനാവില്ല. അത്ര വിശാലാർഥത്തിൽ വ്യവസ്ഥയെ കാണേണ്ടതുമില്ല. പലിശ സഹിതം ഫണ്ട് തിരിച്ചു കൊടുക്കണമെന്ന്​ ഫുൾ ബെഞ്ചിന്റെ ആദ്യ വിധിയിൽ പറഞ്ഞിട്ടില്ലാത്തതിനാൽ ഇക്കാര്യം പുതിയ ബെഞ്ച്​ പരിഗണിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story