Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:42 AM IST Updated On
date_range 27 May 2022 5:42 AM ISTകാലവർഷം: സാഹചര്യം അതിതീവ്രം; ഒരുങ്ങാതെ കേരളം
text_fieldsbookmark_border
തൃശൂർ: കാലാവസ്ഥപ്രതിഭാസങ്ങൾ അതിതീവ്ര സ്വഭാവം പ്രകടിപ്പിച്ച് കാലവർഷം ഇങ്ങെത്തിയിട്ടും കേരളത്തിൽ മുന്നൊരുക്കമില്ല. 2018നെക്കാൾ പ്രളയാനുകൂല സാഹചര്യത്തിലും മഴക്കാല പൂർവശുചീകരണംപോലും പലയിടത്തും തുടങ്ങിയിട്ടില്ല. 2018ൽ മാർച്ച് മുതൽ മേയ് വരെ വേനൽമഴ ലഭിച്ചത് 521 മില്ലിമീറ്ററാണ്. ഈ വർഷം ഈ മാസം ഇതുവരെ 598 മി.മീ. മഴ കേരളത്തിന് ലഭിച്ചുകഴിഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ മേയിൽ 2018ൽ 354 മി.മീ. മഴയാണ് ലഭിച്ചതെങ്കിൽ ഈ മാസം ഇതുവരെ 355 മി.മീ. മഴ ലഭിച്ചുകഴിഞ്ഞു. 2018 ഏപ്രിലിൽ 112 മി.മീ. മഴയാണ് ലഭിച്ചതെങ്കിൽ ഈ ഏപ്രിലിൽ 196 മി.മീ. ലഭിച്ചു. 2018ൽ കാലവർഷത്തിനുമുമ്പ് ജനുവരി മുതൽ മേയ് വരെ ലഭിച്ചത് 537 മി.മീ. മഴയാണ്. ഈ വർഷം ഇതുവരെ 615 മി.മീ. മഴ ലഭിച്ചു. മാസം അവസാനിക്കാൻ ഇനിയും അഞ്ചുദിവസം ശേഷിക്കേ കൂടുതൽ മഴ ലഭിക്കുകയും ചെയ്യും. അതേസമയം, ഭൂഗർഭ ജലവിതാനം ഏതാണ്ട് നിറഞ്ഞുകവിഞ്ഞ രീതിയിലാണ്. അതുകൊണ്ടുതന്നെ കൂടുതൽ ജലം ഭൂമിയിലേക്ക് ഊർന്നിറങ്ങാനാവാത്ത സ്ഥിതിവിശേഷമാണുള്ളത്. കേരളത്തിലെ നദികളും ഡാമുകളും ജലനിബിഡവുമാണ്. ജലസ്രോതസ്സുകളുടെ ശുചീകരണം ഇതുവരെ നടന്നിട്ടില്ല. 2018ൽ പ്രളയത്തിന് പിന്നാലെ നദികളും കനാലുകളും ഡാമുകളും അടക്കം ശുചീകരിക്കാൻ സർക്കാർ പദ്ധതി തയാറാക്കിയിരുന്നു. ഇതുവരെ ഇവയൊന്നും പൂർത്തീകരിക്കാനായിട്ടില്ല. മൺസൂൺ കാറ്റ് സജീവമാകുന്നതോടെ നിലവിൽ ശാന്തമായ കടലും കലുഷിതമാവുന്ന സാഹചര്യം ഉണ്ടാവും. ഇതോടെ തീരവും ബുദ്ധിമുട്ടിലാവും. കുറഞ്ഞ മഴ ലഭിച്ചാൽപോലും ഉണ്ടാവുന്ന വെള്ളക്കെട്ട് കാര്യങ്ങൾ കുഴക്കും. 23 ശതമാനം മാത്രം കൂടുതൽ മഴ ലഭിച്ച 2018ലാണ് കേരളം മഹാപ്രളയത്തിൽ അകപ്പെട്ടത്. അന്ന് കാലവർഷത്തിൽ ആദ്യപാതിയിൽ കുറഞ്ഞും പിന്നീട് തിമിർത്ത് അതിതീവ്ര സ്വഭാവം പ്രകടമാക്കുകയായിരുന്നു. ഇക്കുറി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ മഴക്കുറവാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നത്. അതേസമയം, കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള മഴയുടെ വിതരണത്തിലെ പാളിച്ചകൾ കേരളത്തെ ബാധിക്കും. രണ്ടുദിവസത്തിനകം കാലവർഷം ഇങ്ങ് എത്തവേ അനുഭവങ്ങളിൽനിന്ന് ഇനിയും പാഠം പഠിക്കാൻ തയാറായില്ലേൽ കാര്യങ്ങൾ കൈവിട്ടു പോകാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story