Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:41 AM IST Updated On
date_range 27 May 2022 5:41 AM ISTകെ-റെയിൽ എന്നത് ഭൂമാഫിയ പദ്ധതി -ശ്രീധർ രാധാകൃഷ്ണൻ
text_fieldsbookmark_border
തൃശൂർ: കെ-റെയിൽ എന്നത് ഭൂമാഫിയ പദ്ധതിയാണെന്ന് പരിസ്ഥിതി ചിന്തകൻ ശ്രീധർ രാധാകൃഷ്ണൻ. തൃശൂരിൽ കെ-റെയിൽ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിൽ സ്റ്റേഷന് സമീപം വാരിക്കോരി ഭൂമി വാങ്ങിച്ചുകൂട്ടുന്ന തിരക്കിലാണ് ചിലർ. കൃഷിയോഗ്യമായ സ്ഥലത്ത് ക്വാറികൾ പാടില്ലെന്ന ഹൈകോടതി ഉത്തരവ് പദ്ധതിക്ക് തിരിച്ചടിയായിട്ടുണ്ട്. കേരളത്തിന് നാണക്കേടുണ്ടാക്കുന്ന എപ്പിസോഡാണ് സിൽവർ ലൈനിലൂടെ വരാൻ പോകുന്നത്. ഇത് യാഥാർഥ്യമായാൽ വികസനദുരന്തം മാത്രമാണ് സംഭവിക്കുക. ലോകത്ത് പലരാജ്യത്തും ഭൂമിക്കുവേണ്ടി നിയമം ഉണ്ടാകണമെന്ന ചിന്ത ജനതക്ക് ഉണ്ടാകുന്നുണ്ട്. പക്ഷേ നമ്മുടെ സർക്കാറിന് ഉണ്ടാകുന്നില്ല. അതിനാലാണ് അശ്ലീലമായ വാശി തൃക്കാക്കര തെരഞ്ഞെടുപ്പിൽ സജീവമാകുന്നത്. തെരഞ്ഞെടുപ്പിൽ ആരുജയിച്ചാലും കെ-റെയിൽ നടപ്പാക്കാനാകില്ല. ഭൂമി നഷ്ടപ്പെട്ടവരുടെ സമരം മാത്രമല്ല, കെ-റെയിൽ കേരളത്തെ പാരിസ്ഥിതികമായും ധനകാര്യമായും തകർക്കുന്ന പദ്ധതിയാണ്. പദ്ധതി വന്നാൽ കേരളത്തിന്‍റെ നിലനിൽപുതന്നെ പദ്ധതിയുടെ പേരിലായിരിക്കും. അത്രമാത്രം കടം കയറും. 65,000 കോടി ചെലവെന്ന് പറയുന്നതിലൂടെ സർക്കാർ കണക്കിലെ കളി കാണിച്ച് കള്ളം പറയുകയും പറ്റിക്കുകയും ചെയ്യുന്നു. സെന്‍റിന് രണ്ടുലക്ഷം മാത്രമാണ് പരമാവധി കിട്ടുക. കൂടിപ്പോയാൽ രണ്ടിരട്ടി കിട്ടും. അതിൽ കൂടുതൽ കിട്ടുമെന്ന് പറയുന്നതും കള്ളമാണ്. ഇല്ലാത്ത പണം 'അതുക്കും മേലെ' തരാമെന്ന് പറഞ്ഞാൽ അത് സത്യമല്ല. അത് തിരുത്തേണ്ട ചുമതല ജനതക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. സമരപോരാളികളായ ശ്രീധർജി ചേർപ്പ്, സിന്ധു ജയിംസ്, റോസിലിൻ ഫിലിപ്, ഡോ. എസ്. അലീന, തങ്കം കൃഷ്ണൻകുട്ടി, ബഷീറ അഷറഫ്, ജയശ്രീ രാജേന്ദ്രൻ, ശകുന്തള ചന്ദ്രൻ, മോഹിനി വർമ, രതി രവി എന്നിവരെ ആദരിച്ചു. കവി റഫീഖ് അഹമ്മദ്, പ്രഫ. പി.വി. കൃഷ്ണൻ നായർ, എം.പി. ബാബുരാജ്, എം.പി. സുരേന്ദ്രൻ, കെ. അരവിന്ദാക്ഷൻ, കെ. സഹദേവൻ, ശരണ്യരാജ്, ലിൻഡോ വരടിയം, മാർട്ടിൻ കൊട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു. സി.ആർ. ഉണ്ണികൃഷ്ണൻ സ്വാഗതവും കൺവീനർ എ.എം. സുരേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story