Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:43 AM IST Updated On
date_range 14 May 2022 5:43 AM ISTകൂടല്‍മാണിക്യം ക്ഷേത്രോത്സവം: അണിയറ ഉണര്‍ന്നു
text_fieldsbookmark_border
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച പകല്‍ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും അവിസ്മരണീയമാക്കാന്‍ ആനച്ചമയങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. ഗജവീരന്മാര്‍ക്ക് അണിയാന്‍ സ്വർണക്കോലവും വെള്ളിപ്പിടികളോടു കൂടിയ വെണ്‍ചാമരങ്ങളും തനി തങ്ക നെറ്റിപ്പട്ടങ്ങളും പീലിയുടെ ഭംഗി പൂര്‍ണമായും ആവാഹിച്ച ആലവട്ടങ്ങളും കഴുത്തിലും കൈകളിലും അണിയുന്ന മണികളുമാണ് തയാറായത്. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുട, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പെടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്റെ പിടിയും സ്വര്‍ണനിര്‍മിതമാണ്. മറ്റ് 10 ആനകള്‍ക്ക് മേല്‍ത്തരം വെള്ളിച്ചമയങ്ങളാണ് ഉപയോഗിക്കുന്നത്. സ്വന്തം സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കൂവെന്ന ചിട്ടയുള്ള കൂടല്‍മാണിക്യത്തില്‍ സ്വര്‍ണക്കോലവും സ്വര്‍ണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകള്‍ക്കുള്ള രണ്ട് ചെറിയ നെറ്റിപ്പട്ടങ്ങളും 10 വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായുണ്ട്. കോലത്തില്‍ ഭഗവാന്റെ രൂപമുള്ള ഗോളികയും തിടമ്പ് വെക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാല്‍ ബാക്കി ഭാഗം സ്വര്‍ണപ്പൂക്കള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളികകള്‍, വട്ടക്കിണ്ണം, കൂമ്പന്‍ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവയെല്ലാം തനി സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്തതാണ്. തിടമ്പേറ്റുന്ന ആനയുടെ കുട, അലക്കുകള്‍, വെൺചാമരത്തിന്റെ പിടി എന്നിവയും സ്വര്‍ണനിര്‍മിതമാണ്. കോലത്തിന് മുകളില്‍ സ്വര്‍ണമകുടവുമുണ്ട്. നെറ്റിപ്പട്ടങ്ങള്‍ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് പൊടിയും കച്ചയും തുന്നിച്ചേര്‍ത്ത് ഭംഗിയാക്കി. ഗജവീരന്മാരുടെ കഴുത്തിലണിയാനുള്ള മണികള്‍ കോര്‍ക്കുന്നതിനുള്ള വട്ടക്കയറും എഴുന്നള്ളിക്കുന്ന ആനക്കായി വിവിധ വര്‍ണത്തിലുള്ള കുടകളുമാണ് തയാറാക്കിയിട്ടുള്ളത്. കീഴേടമായ അയ്യങ്കാവിലേക്കല്ലാതെ ചമയങ്ങള്‍ നല്‍കുകയോ വാങ്ങുകയോ ഇവിടെ പതിവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story