കരാറുകാരൻ പിന്മാറി; സ്കൂൾ കെട്ടിടം പ്രവൃത്തി മുടങ്ങിയിട്ട് രണ്ട് വർഷം
text_fieldsതുവ്വൂർ: കിഫ്ബി ഫണ്ടിലുള്ള സ്കൂൾ കെട്ടിടത്തിന്റെ പ്രവൃത്തി മുടങ്ങിയിട്ട് വർഷം രണ്ട്. കരാറുകാരൻ പിൻമാറിയതോടെയാണ് ഒരു കോടി രൂപയുടെ കെട്ടിടം പ്രവൃത്തി മുടങ്ങിയത്.തുവ്വൂർ ഗ്രാമപഞ്ചായത്ത് മോഡൽ ജി.എൽ.പി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19ലാണ് തുക അനുവദിച്ചത്.
ഒമ്പത് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ രണ്ട് വർഷം മുമ്പ് പൂർത്തിയാക്കുകയും നിർമാണ പ്രവൃത്തി മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. എന്നാൽ നിർമാണം തുടങ്ങിയില്ല. നഷ്ടമാണെന്ന് പറഞ്ഞ് കരാറുകാരൻ പിന്മാറുകയും ചെയ്തു. പുതിയ ടെൻഡർ നടപടിയും നടന്നില്ല. നിലവിലുണ്ടായിരുന്ന രണ്ട് ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം പൊളിച്ചാണ് പുതിയതിന് സ്ഥലം കണ്ടെത്തിയത്.
കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണിത്. ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ പ്രീ പ്രൈമറി ഇപ്പോൾ കോമ്പൗണ്ടിന് പുറത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിലെ അസൗകര്യം മൂലം ഈ വർഷം പ്രവേശനം കുറഞ്ഞതായും പി.ടി.എ ഭാരവാഹികൾ പറയുന്നു.
നിർമാണത്തിലെ തടസ്സങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ പ്രസിഡന്റ് കെ.ടി. അഷ്കർ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മാസങ്ങൾക്ക് മുമ്പ് നിവേദനം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പുനർലേല നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുബൈദ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.