പായല്‍കുളങ്ങര തീരത്ത് ചാകര, മത്സ്യത്തൊഴിലാളികളില്‍ ആവേശത്തിരയിളക്കം
text_fieldsഅമ്പലപ്പുഴ: ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ പായല്‍കുളങ്ങരയില്‍ ചാകരത്തെളിവ്. കഴിഞ്ഞ രണ്ടുദിവസമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലിൽപോയിരുന്നെങ്കിലും ചൊവ്വ മുതലാണ് കടല്ശാന്തമായത്.
കടലിൽപോയ വള്ളങ്ങളില്‍ പ്രതീക്ഷക്കൊത്ത് മൽസ്യക്കൊയ്ത്ത് ലഭിച്ചില്ലെങ്കിലും ജില്ലയുടെ തീരത്തുനിന്നുള്ള നൂറുകണക്കിന് വള്ളങ്ങൾ കടലിൽ പോയി തുടങ്ങി. ചെറിയ അയല, പൊടിമത്തി തുടങ്ങിയവയാണ് കൂടുതലായും ലഭിക്കുന്നത്. ചാകരയിലെ പ്രധാന ഇനമായ ചെമ്മീൻ പേരിനുപോലും കാണാനില്ല.
വളർച്ച ഇല്ലാത്ത ചെറുമീനുകൾ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ വിലക്കുണ്ടെങ്കിലും ഇത് അവഗണിച്ചാണ് മത്സ്യബന്ധനം. ഡിസ്കോ ഇനത്തിൽപെട്ട ഫൈബർ വള്ളങ്ങളാണ് കടലിൽ ഇറക്കുന്നതിൽ ഏറെയും. ചെറിയ അയല 50 കൊട്ടവരെ ലഭിച്ച വള്ളങ്ങളുണ്ട്.
പൊന്തുവള്ളങ്ങളിലും ആവശ്യത്തിന് മീനുകള്‍ കിട്ടുന്നുണ്ടെങ്കിലും ചെറുമീനുകളാണ് അധികവും. കഴിഞ്ഞ ദിവസം ചിലവള്ളക്കാര്ക്ക് നെന്മീനുകളും ശീലാവും കിട്ടിയിരുന്നു. ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ടാണ് പൊന്തുവള്ളക്കാര് മീന്‍ വില്പന നടത്തുന്നത്. അതുകൊണ്ട് മതിയായ വിലയും ലഭിച്ചിരുന്നു.
ചെറിയ അയല കിലോ 200നും നെന്മീനും ശീലാവും 400നുമാണ് വില്പന നടത്തിയത്. ചാകരതീരത്തുനിന്നും ദേശീയപാതയില്‍ കൊണ്ടുവന്നാണ് വലയില്‍നിന്നും മീന്‍ നീക്കുന്നത്. ഇതുകണ്ടാണ് ആവശ്യക്കാര്‍ എത്തുന്നത്.
സ്ഥലപരിമിതിയാണ് പായൽകുളങ്ങരയിലെ ചന്തക്കടവിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത്. കടപ്പുറത്തേക്കുള്ള റോഡിൽ വാഹനങ്ങളും ആൾതിരക്കുംകൊണ്ട് വല്ലാത്ത വീർപ്പുമുട്ടലാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ചളി നിറഞ്ഞു നടക്കാൻ പറ്റാത്തവസ്ഥയാണ്. ഇതിലൂടെ മത്സ്യക്കൊട്ട ചുമന്ന് വണ്ടിയിൽ എത്തിക്കുന്ന ചുമട്ടുകാർക്കും ദുരിതം ഇരട്ടിയാണ്.
അതേസമയം, പായൽകുളങ്ങരയിൽ ഇപ്പോഴുള്ളത് ഉറച്ച ചാകരയെന്ന് പറയാൻ പറ്റില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ട്രോളിങ് നിരോധന കാലയളവ് കഴിഞ്ഞാൽ ബോട്ടുകൾ കടലിലിറക്കാൻ തുടങ്ങും. അതിനു മുമ്പുള്ള മത്സ്യക്കൊയ്ത്തിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
മണ്ണെണ്ണയുടെയും പെട്രോളിന്റെയും വില വർധനയും മത്സ്യമേഖലക്കു കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അധ്വാനത്തിന്റെ നല്ലൊരു പങ്കും ഇതിന് മാറുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.