ശാന്തിഗ്രാമില്‍ കാട്ടാനശല്യം രൂക്ഷം, പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍
text_fieldsഎടക്കര: പോത്തുകല്‍ പഞ്ചായത്തിലെ ശാന്തിഗ്രാം പ്രദേശത്ത് ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം. ശാന്തിഗ്രാം, മച്ചിക്കൈ, നീര്‍പ്പുഴ മുക്കം, ചെമ്പ്ര ആദിവാസി കോളനി എന്നിവിടങ്ങളിലാണ് രാത്രി ആനയുടെ വിളയാട്ടം പതിവായത്.
ചെമ്പ്ര വനത്തില്‍നിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടം സ്വകാര്യവ്യക്തികളുടെ തോട്ടത്തിലൂടെയാണ് നാശം വിതച്ച് കടന്നുപോകുന്നത്.
വീടുകള്‍ക്ക് ചുറ്റുമുള്ള വാഴ, കവുങ്ങ്, തെങ്ങ്, റബര്‍, തേക്ക് എന്നിവ ചൊവ്വാഴ്ച പുലര്‍ച്ച ആനകള്‍ നശിപ്പിച്ചു. കെ. അബ്ദുല്‍ കരീം, പി.വി. മന്മഥന്, പടിയറ പുതുപറമ്പില്‍ വിജയന്, പി.ആര്. ശങ്കരന്, കോന്നോടത്ത് രാജന്, സി.കെ. പ്രഭാകരന്, മേലേതില്‍ ഉണ്ണി, ചോലയില്‍ രാധാകൃഷ്ണന്, താഴ്വാക്കര രവി, തകരയില്‍ കുമാര്‍, ചോലയില്‍ നാരായണന്, ശാരദ കൂളിമാട്, പ്രസാദ് പൂന്തുരുത്തി, പി.വി. രാധാകൃഷ്ണന് എന്നിവരുടെ വീടുകള്‍ക്ക് സമീപവും പറമ്പുകളിലുമാണ് ആനക്കൂട്ടം നാശം വിതച്ചത്.
മേഖലയിലെ പ്രധാന തൊഴിലായ റബര്‍ ടാപ്പിങ്ങിന് പുലര്‍ച്ച പോകുന്നവരും മച്ചിക്കൈ ശിവപാര്‍വതി ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരുമൊക്കെ ആനയുടെ മുന്നില്‍നിന്ന് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്. പുലര്‍ച്ച മൂന്നിന് ടാപ്പിങ്ങിന് പോയിരുന്നവര്‍ ഇപ്പോള്‍ ആറിനാണ് ജോലിക്കിറങ്ങുന്നത്.
പുലര്‍ച്ച ക്ഷേത്രത്തിൽ പോകാനും വിശ്വാസികള്‍ ഭയക്കുകയാണ്. രാത്രി കാടിറങ്ങുന്ന ആനക്കൂട്ടത്തെ രാവിലെ പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ് നാട്ടുകാര്‍ തുരത്താന്‍ ശ്രമിക്കുന്നത്. പലപ്പോഴും ഇവര്‍ക്കുനേരെ ആനകള്‍ ഓടിയടുക്കാറുമുണ്ട്. രാത്രി രോഗബാധിതരായവരെ ആശുപത്രികളിലെത്തിക്കാനോ മറ്റു ആവശ്യങ്ങള്‍ക്ക് പുറത്തുപോകാനോ ആനപ്പേടിയാൽ സാധിക്കുന്നില്ല.
കാട്ടാനക്ക് പുറമെ കാട്ടുപന്നിയും പുള്ളിമാനും കുരങ്ങും കൃഷി നശിപ്പിക്കുന്നുണ്ട്. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ അനുമതിയുണ്ടെങ്കിലും ലൈസന്‍സ് തോക്ക് ഉപയോഗിക്കുന്നവര്‍ പ്രദേശത്തില്ല. വനാതിര്‍ത്തിയില്‍ ഫെന്‍സിങ് അടക്കമുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്ന് കാണിച്ച് ജനകീയ സമിതി വനം മന്ത്രി, എം.എല്‍.എ, കലക്ടര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ എന്നിവര്‍ക്ക് നിവേദനം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

