നാല് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
text_fieldsകോതമംഗലം: ഭൂതത്താൻകെട്ടിൽ ബോട്ട് ജെട്ടിക്ക് സമീപമുള്ള വീട്ടിലെ കോഴിക്കൂട്ടിൽക്കയറിയ പെരുമ്പാമ്പ് നാല് കോഴികളെ വിഴുങ്ങുകയും ഒന്നിനെ കൊല്ലുകയും ചെയ്തു. വെളുപ്പിന് കോഴിക്കൂട്ടിൽനിന്ന് ബഹളം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പിനെ കണ്ടത്. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടിത്ത വിദഗ്ധൻ മാർട്ടിൻ മേക്കമാലിയെത്തി പിടികൂടി. 30 കിലോ തൂക്കവും 12 അടി നീളവുമുള്ള പാമ്പിനെ വനപാലകർ കരിമ്പാനി വനത്തിൽ തുറന്നുവിട്ടു.
മഴക്കാലത്ത് മലവെള്ളപ്പാച്ചിലിൽ രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകൾ ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.

