മദ്യപാനം ചോദ്യംചെയ്തതിന് ആക്രമണം; യുവാവ് അറസ്റ്റിൽ
text_fieldsഅഭിജിത്ത്
പത്തനംതിട്ട: വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ മദ്യപസംഘത്തിൽ പെട്ട ഒരാളെ പത്തനംതിട്ട പൊലീസ് പിടികൂടി. അങ്ങാടിക്കൽ ചന്ദനപ്പള്ളി മൂഴിക്കൽ തേരകത്ത് വീട്ടിൽ അഭിജിത്ത് (27) ആണ് പിടിയിലായത്.
ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. വള്ളിക്കോട് യുപിഎസ് സ്കൂളിന് സമീപം കൃഷ്ണകൃപ വീട്ടിൽ ബിജു (54) വിന്റെ വീടിനു മുൻവശം ശനിയാഴ്ച രാത്രി 9.30ന് ശേഷമാണ് ആക്രമണമുണ്ടായത്.
വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയശേഷമായിരുന്നു ആക്രമണം. സംഘം ചേർന്നുള്ള മദ്യപാനവും അസഭ്യവർഷവും ചോദ്യം ചെയ്തപ്പോൾ ബിജുവുമായി സംസാരവും പിടിവലിയുമുണ്ടായി. ഭാര്യ, മകൻ എന്നിവരെയും കൈയേറ്റം ചെയ്തു.
ചൊവ്വാഴ്ച രാവിലെ ആറോടെ അഭിജിത്തിനെ വീടിന് സമീപത്തുനിന്നും എസ്.ഐ കെ.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

