ആഗോള അയ്യപ്പസംഗമം; ഐതിഹ്യം ഓർമിപ്പിച്ചും ഗീത ശ്ലോകം ചൊല്ലിയും മുഖ്യമന്ത്രി
text_fieldsആഗോള അയ്യപ്പ സംഗമം ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അയ്യപ്പ വിഗ്രഹം സമ്മാനിക്കുന്നു
പമ്പ: ശബരിമലയുടെ ഐതിഹ്യം ഓർമിപ്പിച്ചും വിമർശനങ്ങൾക്ക് മറുപടി നൽകിയും മുഖ്യമന്ത്രിയുടെ പ്രസംഗം. അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്നതിനിടെ ഭഗവദ്ഗീതയിലെ ശ്ലോകവും അദ്ദേഹം ചൊല്ലി. മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ശബരിമലക്ക് വേറിട്ട, തനതായ ചരിത്രവും ഐതിഹ്യങ്ങളും ഉണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരെന്ന് കരുതപ്പെടുന്നവരുമായി കൂടി ബന്ധപ്പെട്ടതാണ് അതെന്ന് ചൂണ്ടിക്കാട്ടി.
ഗോത്രസമൂഹത്തില്‍ നിന്നുള്ള ശബരിയെന്ന തപസ്വിനിയുടെ പേരിൽനിന്നാണ് ശബരിമലയെന്ന നാമം വരുന്നത്. ഇതാണ് ഐതിഹ്യം. ശബരിമലയുടെ മതാതീത ആത്മീയത അത്യപൂര്‍വതയാണ്. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമലയെന്നും ആ നിലക്ക് തന്നെ അതിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തെ എതിർത്തവർ കപടഭക്തരെന്ന വിമർശനത്തിനിടെയായിരുന്നു ഭഗവദ്ഗീത ഉദ്ധരിച്ചത്. യഥാര്‍ഥ ഭക്തരുടെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ പന്ത്രണ്ടാം അധ്യായത്തില്‍ 13 മുതല്‍ 20 വരെ എട്ട് ശ്ലോകങ്ങളിലായുണ്ടെന്ന് പറഞ്ഞ ശേഷം, അത് ചൊല്ലുകയും അർഥം വിശദീകരിക്കുകയും ചെയ്തു മുഖ്യമന്ത്രി. തീർഥാടകര്‍ക്ക് എന്താണ് വേണ്ടതെന്നത് സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്.
ഭക്തജനങ്ങളില്‍ നിന്നുതന്നെ മനസിലാക്കി വേണ്ടതു ചെയ്യണം. ഈ ബോധ്യത്തോടെയാണ് വര്‍ഷങ്ങള്‍ നീണ്ട ആലോചനക്കും ചര്‍ച്ചകള്‍ക്കും ശേഷം ഇത്തരമൊരു പരിപാടിയിലേക്ക് എത്തിയത്–അദ്ദേഹം പറഞ്ഞു. ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. റെയില്‍വേ മന്ത്രാലയവുമായി ഏറ്റവും ഒടുവില്‍ നടത്തിയ ചര്‍ച്ചയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കേ ഒരടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ പച്ച നുണയായി പ്രചരിപ്പിക്കുകയാണ്. ശബരിമല വിമാനത്താവളത്തിന് ഈ വര്‍ഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും 45 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ പിണറായി പറഞ്ഞു.
ഉദ്ഘാടനചടങ്ങിൽ ദേവസ്വം മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. തമിഴ്നാട് മന്ത്രിമാരായ പി.കെ. ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. മന്ത്രിമാരായ പി.പ്രസാദ്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന് കുട്ടി, എ.കെ ശശീന്ദ്രന്, വീണ ജോര്‍ജ്, സജി ചെറിയാന്, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, കടകംപള്ളി സുരേന്ദ്രന്, കെ.ടി. ജലീല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാര്‍, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള ബ്രാഹ്മണ സഭ പ്രതിനിധി കരിമ്പുഴ രാമന്, വ്യവസായി ഗോകുലം ഗോപാലന്, സംഗീതജ്ഞരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ. ഓമനക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
‘അയ്യപ്പന് ധർമത്തിന്റെ ദിവ്യ രക്ഷകൻ’; ആശംസയുമായി യോഗി ആദിത്യനാഥ്
പമ്പ: ആഗോള അയ്യപ്പ സംഗമത്തിന് ആശംസയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേവസ്വം മന്ത്രി വി.എന്‍. വാസവന് നൽകിയ കത്ത്, മന്ത്രി തന്നെ ഉദ്ഘാടന വേദിയിൽ വായിച്ചു. പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറയുന്ന കത്തിൽ, ധർമത്തിന്റെ ദിവ്യ രക്ഷകനാണ് അയ്യപ്പനെന്ന് വിശേഷിപ്പിക്കുന്നു. അദ്ദേഹത്തെ ആരാധിക്കുന്നത് സദാചാര ജീവിത പാതയെ പ്രകാശപൂരിതമാക്കും. മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കും.
ഭക്തരെ പ്രചോദിപ്പിക്കുകയും ചെയ്യും. സൗഹൃദം, ഉള്‍ക്കൊള്ളല്‍, ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് പുരാതന ഭാരതീയ വിജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടില്‍, ആഗോള അയ്യപ്പ സംഗമത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
അതേസമയം, അയ്യപ്പ സംഗമത്തെ എതിർത്ത് രംഗത്തുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അപ്രതീക്ഷിത പ്രഹരമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ. ഇതിനിടെ, സി.പി.എം- ബി.ജെ.പി ബന്ധം തെളിഞ്ഞെന്ന ആരോപണവുമായി യു.ഡി.എഫും രംഗത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആശംസയും മന്ത്രി വാസവൻ ചടങ്ങിൽ വായിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ ഉള്ളതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

