വനിത പൊലീസ് സ്റ്റേഷനും കൺട്രോൾ റൂമും ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
text_fieldsജില്ല ആസ്ഥാനത്ത് നിർമാണം പൂർത്തിയായ വനിത പൊലീസ് സ്റ്റേഷന്റെയും
പൊലീസ് കൺട്രോൾ റൂമിന്റെയും പുതിയ കെട്ടിടങ്ങൾ
പത്തനംതിട്ട: ജില്ല ആസ്ഥാനത്ത് നിർമാണം പൂർത്തിയായ വനിത പൊലീസ് സ്റ്റേഷൻ കെട്ടിടവും പൊലീസ് കൺട്രോൾ റൂം പുതിയ കെട്ടിടവും മാർച്ച് ആദ്യവാരം ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിലാണ് 1. 48 കോടി ചെലവിൽ മൂന്ന് നിലയിലായി വനിത സ്റ്റേഷൻ കെട്ടിടം. പ്രത്യേക ലോക്കപ്പ് ഉൾപ്പെടെ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കെട്ടിടം നിർമാണം 2022ലാണ് തുടങ്ങിയത്.
ജില്ലയിലെ ഏക വനിത പൊലീസ് സ്റ്റേഷനാണ് പത്തനംതിട്ടയിലേത്. ജില്ല മുഴുവനാണ് ഇതിന്റെ അധികാര പരിധി. ജില്ലയിലെ സ്ത്രീകളുടെ പരാതികൾ, സ്ത്രീകൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവ ഇതിന്റെ പരിധിയിലാണ്. വിദ്യാർഥികൾക്കും മറ്റും കൗൺസലിങ്, സ്ത്രീ സുരക്ഷ ബോധവത്കരണം എന്നിവ സ്റ്റേഷന്റെ ചുമതലയാണ്. എസ്.പി ഓഫിസിന് സമീപം വെട്ടിപ്രത്ത് ഇപ്പോൾ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2022ൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങി ആറ് മാസത്തിനുള്ളിൽ അഞ്ഞൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്ത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടി. നിലവിൽ കെ.ആർ. ഷെമിമോളാണ് എസ്.എച്ച്.ഒ.
പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിൽ ലോക്കപ്പ് ഉൾപ്പെടെ ആറ് മുറികളും ആറ് ശുചിമുറികളും ഉണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മുറി, വയർലെസ് റൂം, പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക ലോക്കപ്പ്, വർക്ക് റൂം, പൊതുശുചിമുറി, ശിശുസൗഹൃദ മുറി, ഭിന്നശേഷി സൗഹൃദ ശുചിമുറി, റിസപ്ഷൻ ഏരിയ എന്നിവ ഒരുക്കും.
ഒന്നാം നിലയിൽ ഏഴ് മുറികളും മൂന്ന് ശുചിമുറികളുമുണ്ട്. ഇതിൽ കൗൺസലിങ് റൂം, ഡൈനിങ് ഹാൾ എന്നിവയുണ്ട്. അടുക്കള, ആയുധങ്ങൾ സൂക്ഷിക്കാനുള്ള മുറി, വിശ്രമ മുറി, ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് വിഭാഗത്തിന്റെ മുറിയും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

