2023ൽ കാണാതായ സ്ത്രീയെ ജോലി തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി
text_fieldsപത്തനംതിട്ട: കാണാതായ സ്ത്രീയെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതിയോടൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023 ൽ കോന്നി വെട്ടൂരിൽ നിന്നും കാണാതായ പുത്തൻവീട്ടിൽ സരസ്വതി അമ്മാളിനെയാണ് (52) വർഷങ്ങളായുളള അന്വേഷണത്തിനൊടുവിൽ മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് ബി.എസിന്റെ നേതൃത്വത്തിലുളള സംഘം ഹൈദരാബാദിൽ നിന്നും കണ്ടെത്തിയത്. വെട്ടൂരുളള ആയൂർവേദ ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞ് പോയി തിരികെ എത്താഞ്ഞതിനെ തുടർന്ന് ഭർത്താവായ ഗോപാലകൃഷ്ണന്റെ മൊഴി പ്രകാരം മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ സ്ത്രീ ഹൈദരാബാദിൽ ഉളളതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നിർദേശ പ്രകാരം പത്തനംതിട്ട ഡി.വൈ.എസ്.പി. ന്യുമാന്റെ മേൽനോട്ടത്തിൽ അന്വേഷണസംഘം ഹൈദരാബാദിലെത്തുകയായിരുന്നു. കോന്നി പ്രമാടം സ്വദേശിയായ അബിത് ഭവനിൽ അജയകുമാർ (54) നോടാപ്പം സരസ്വതിഅമ്മാൾ ഹൈദരാബാദിൽ താമസിച്ച് വരികയായിരുന്നു. പത്തനംതിട്ടയിൽ പ്രവർത്തിച്ചിരുന്ന ഗ്രീൻ ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു.
കുവൈത്തിലും മലേഷ്യയിലും ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും വൻ തുക തട്ടിയ കേസിൽ 2023 ൽ പത്തനംതിട്ട പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. മലയാലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ കാണാതായ സ്ത്രീയെ കോടതിയിൽ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പത്തനംതിട്ട പോലീസിന് കൈമാറിയ പ്രതി അജയകുമാറിനെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

