കാട്ടാന കുടിലുകൾ തകർത്തു
text_fieldsപാലത്തടിയാറിൽ കാട്ടാന തകർത്ത ആദിവാസിക്കുടിലുകൾ
ചിറ്റാർ: ആദിവാസിക്കുടിലുകൾ കാട്ടാന തകർത്തു. കുടിലിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. പാലത്തടിയാറിൽ വെള്ളിയാഴ്ച പുലർച്ച രേണ്ടാടെയാണ് സംഭവം. ആങ്ങമൂഴിക്ക് സമീപം പാലത്തടിയാർ വനത്തിൽ താമസിക്കുന്ന ആദിവാസികളുടെ വീടുകളിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രണ്ട് ഷെഡിലായി രണ്ട് കുടുംബമാണ് താമസിക്കുന്നത്.
ഒറ്റക്കൊമ്പനാണ് കുടിലുകൾ തകർത്തത്. ഉറക്കത്തിലായിരുന്ന ചന്ദ്രികയും കുടുംബവും ശബ്ദം കേട്ടാണ് ഉണർന്നത്. ഷെഡ് തകർക്കുന്ന ശബ്ദവും ചിന്നംവിളിയും കേട്ടതോടെ കുട്ടികളെയുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പാത്രങ്ങളും അരിസാധനങ്ങളുൾപ്പെടെ സർവതും നശിപ്പിച്ചു. ചന്ദ്രികയുടെ ഭർത്താവ് ബിജുവും അച്ഛനും മറ്റുള്ളവരും വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾവനത്തിൽ പോയിരിക്കുകയായിരുന്നു. മകൻ രാജേഷ് 10ാംക്ലാസ് വിദ്യാർഥിയാണ്. എട്ടാംക്ലാസ് വിദ്യാർഥി മഞ്ജുവും ഒപ്പമുണ്ട്. പഠിച്ചുകൊണ്ടിരിക്കുന്ന ഈ കുട്ടികളുമായി വനത്തിനുള്ളിൽ പോയാൽ അവരുടെ പഠനം മുടങ്ങുമെന്ന കാരണത്താലാണ് ചന്ദ്രിക ഇവിടെതന്നെ താമസിക്കുന്നത്.
ആങ്ങമൂഴി പ്ലാപ്പള്ളി റോഡിൽ ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽനിന്ന് അര കി.മീ. മാറിയാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. വിവരം വനപാലകരെയും ട്രൈബൽ വകുപ്പ് അധികൃതരെയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. കാട്ടാന തകർത്ത ഷെഡിലൊന്ന് ഇവർ പ്ലാസ്റ്റിക് ഷീറ്റിട്ട് പുനഃസ്ഥാപിച്ചു. മഴയുള്ളതിനാൽ ഷെഡിലെ താമസം പ്രയാസമേറിയതാണ്. വിളക്ക് തെളിക്കാൻ മണ്ണെണ്ണയില്ല. ടോർച്ചുണ്ടായിരുന്നത് ആന നശിപ്പിച്ചു. താമസസ്ഥലത്തേക്ക് കാട്ടാന കടക്കാതിരിക്കാൻ മുള്ളുവേലി സ്ഥാപിക്കണമെന്ന് വനപാലകരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

