തവളപ്പാറയിൽ കാട്ടാനക്കലി!...
text_fieldsകോന്നി : പയ്യനാമൺ താവളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. താവളപ്പാറ കാഞ്ഞിരവിളയിൽ വീട്ടിൽ തോമസുകുട്ടിയുടെ വാഴകൃഷിയാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂട്ടമായി എത്തിയ കാട്ടാനകൾ ഇരുമ്പ് വേലിയും തകർത്ത് അകത്ത് കടന്നാണ് വാഴകൃഷി നശിപ്പിച്ചത്. ഭൂമി പാട്ടത്തിനെടുത്താണ് ലക്ഷങ്ങൾ മുടക്കി തോമസുകുട്ടി കൃഷി നടത്തിയത്. കുലച്ചതും കുലയ്ക്കാത്തതുമായ 250ലധികം വാഴകൾ കാട്ടാനകൾ നശിപ്പിച്ചു. അടുത്ത ദിവസം രാവിലെയാണ് കൃഷി നശിപ്പിച്ചത് ശ്രദ്ധയിൽ പെട്ടത്.
രണ്ട് ലക്ഷത്തിലധികം രൂപയാണ് കൃഷിക്കായി മുടക്കിയതെന്നും കൃഷി നശിച്ചതോടെ ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും തോമസുകുട്ടി പറയുന്നു. താവളപ്പാറ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായി മാറിയിട്ടുണ്ട്. കൂട്ടമായി എത്തുന്ന കാട്ടാനകൾ ജനവാസമേഖലയിൽ വരെ എത്തി തുടങ്ങിയിട്ടുണ്ട്. ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപെടുന്നതാണ് ഈ ഭാഗം. സംഭവത്തെ തുടർന്ന് കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ, ഉത്തരകുമരംപേരൂർ സ്റ്റേഷനിലെ വനപാലകർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വനപാലകരെ നാട്ടുകാർ തടഞ്ഞു
കോന്നി: കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനപാലക സംഘത്തെ നാട്ടുകാർ തടഞ്ഞു. ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരെയാണ് പയ്യനാമൺ തവളപ്പാറയിലെ നാട്ടുകാർ തടഞ്ഞത്. പ്രദേശത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു പ്രദേശവാസികൾ.
പ്രദേശത്ത് വനാതിർത്തികളിൽ സോളാർ വേലികളുണ്ടെങ്കിലും ഇത് ആനശല്യത്തിന് പരിഹാരമാകുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. കാട്ടാന കൃഷി നശിപ്പിച്ചാൽ കാര്യമായ നഷ്ട പരിഹാരവും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കാർഷികവിളകൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ വനപാലകരെ ഏറെ നേരം തടഞ്ഞ് വെച്ചശേഷമാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

