കാട്ടുപന്നി ശല്യം; ഷൂട്ടർമാരെ നിയോഗിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മടി
text_fieldsപത്തനംതിട്ട: കാട്ടുപന്നി ശല്യം നേരിടുന്ന കർഷകരെ സഹായിക്കുന്നതിനായി ഷൂട്ടർമാരെ നിയോഗിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ മടികാട്ടുന്നതായി പരാതി. പല പഞ്ചായത്തുകളിലും അംഗീകൃത ഷൂട്ടർമാർ നിലവിലില്ലെങ്കിലും സമീപ സ്ഥലങ്ങളിൽനിന്നുള്ളവരെ എം പാനൽ ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ ഷൂട്ടർമാരുടെ പട്ടിക കൈമാറിയിട്ടും പഞ്ചായത്ത് ഭരണസമിതികൾ നടപടികളെടുക്കുന്നില്ലെന്നാണ് പരാതി.
ജില്ലയിൽ മലയോര മേഖലയിൽ മാത്രമല്ല, അപ്പർ കുട്ടനാട്ടിലും അടൂർ ഭാഗങ്ങളിലുമൊക്കെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ജില്ലയിലെ 53 പഞ്ചായത്തുകളിലും കാട്ടുപന്നിയെ നേരിടാൻ ഷൂട്ടർമാരെ നിയോഗിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച് ഷൂട്ടർമാരെ നിയോഗിച്ച് ശല്യക്കാരെ പന്നികളെ വെടിവക്കാനാകും. ഓരോ പഞ്ചായത്ത് പരിധിയിലും അംഗീകൃത ഷൂട്ടർമാരെ നിയോഗിച്ച് കത്തുനൽകേണ്ടതുണ്ട്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷം പട്ടികയിൽ ചില പുനഃപരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, അതിനുശേഷം പകുതിയിലധികം പഞ്ചായത്തുകളും തീരുമാനം വൈകിപ്പിക്കുകയാണ്. ഷൂട്ടർമാരെ നിയോഗിച്ച് കർഷകരെ സംരക്ഷിക്കുന്നതിലും പലയിടത്തും രാഷ്ട്രീയ ഇടപെടലുകളുണ്ടായെന്നാണ് ആക്ഷപം. ഇതോടെ കാട്ടുപന്നിശല്യം പലയിടങ്ങളിലും രൂക്ഷമായി.
ഒറ്റ പ്രസവത്തിൽതന്നെ കാട്ടുപന്നിയുടെ അംഗസംഖ്യ വൻതോതിൽ വർധിക്കുമെന്നതിനാൽ ഇവയെ അമർച്ച ചെയ്യുന്നതിനുണ്ടാകുന്ന കാലതാമസം സ്ഥിതിഗതികൾ രൂക്ഷമാക്കും. ജില്ലയിൽ തോക്ക് ലൈസൻസുള്ള അറുപതിലധികം ഷൂട്ടർമാരുണ്ടെന്നാണ് കണക്ക്. ഇവരെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി എം പാനൽ ചെയ്തുവരുകയാണ്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഓരോ പഞ്ചായത്തുകളും പട്ടിക നൽകുന്നത്. ഓരോ പഞ്ചായത്തിലേക്കും എം പാനൽ ചെയ്യപ്പെടുന്ന ഷൂട്ടർമാർക്ക് ബന്ധപ്പെട്ട ഭരണസമിതി അനുമതി പത്രം നൽകേണ്ടതുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഷൂട്ടർമാരുടെ സഹായത്തോടെ കാടിളക്കി വെടിവെക്കുകയെന്ന പദ്ധതിയും നടപ്പാക്കിവരുന്നുണ്ട്. ലൈസൻസ് പുതുക്കി കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നവരെയാണ് ഷൂട്ടർമാരായി നിയോഗിച്ചിരിക്കുന്നത്.
കാർഷിക മേഖലയെ സംരക്ഷിക്കുന്നതിലേക്ക് കാട്ടുപന്നിയെ പരമാവധി നിർമാർജനം ചെയ്യുന്നതിനുള്ള നടപടികൾക്ക് സർക്കാറും പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. തദ്ദേശ സ്ഥാപന അധ്യക്ഷർക്കു നൽകിയിട്ടുള്ള അധികാരം ഉപയോഗിച്ച് ഇവയെ വെടിവെക്കാമെന്നാണ് നിർദേശം. വെടിവെക്കുന്ന പന്നിയുടെ ജഡം സംസ്കരിക്കേണ്ടതും പഞ്ചായത്ത് തന്നെയാണ്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും ഷൂട്ടർമാർക്ക് ഹോണറേറിയം നൽകാനും പഞ്ചായത്തുകൾക്ക് പണച്ചെലവുണ്ട്. ഷൂട്ടർമാരുടെ നിയമനത്തിലുണ്ടാകുന്ന കാലതാമസത്തിനും സാമ്പത്തിക ബാധ്യത ഒരു ഘടകമാണെന്നു പറയുന്നു. എന്നാൽ, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

