കാട്ടുപന്നി; നാരങ്ങാനത്ത് സമരവുമായി നാട്ടുകാർ
text_fieldsനാരങ്ങാനം: നാരങ്ങാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. നാട്ടുകാർ പ്രതിഷേധ സമരത്തിലേക്ക്. പന്നിശല്യം കാരണം ഇരുട്ട് വ്യാപിച്ചാൽ നാരങ്ങാനത്തെ നിരത്തുകളിൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രയും കുറയുന്നു. ഏതുഭാഗത്തുനിന്നും പന്നിയുടെ ആക്രമണം വരാം എന്നതാണ് സ്ഥിതി. പ്രധാന റോഡുകൾപോലും കാടുകയറി ഭയം തോന്നുന്ന അവസ്ഥയിലായി. നാശം വ്യാപകമായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു. ഏക്കർ കണക്കിന് ഭൂമി തരിശായി കാടുകയറിക്കിടക്കുന്നു. കൃഷി ഉപജീവനമാക്കിയവർ വിഷമത്തിലാണ്. നാരങ്ങാനത്തെ വിപണിയിൽ പ്രാദേശികമായി കൃഷി ചെയ്യുന്ന വിഭവങ്ങൾ ഇപ്പോൾ കിട്ടാനില്ല. ജോലി കഴിഞ്ഞ് വന്ന യുവാവ് പന്നി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തെതുടർന്ന് മരണപ്പെട്ടത് ദിവസങ്ങൾക്കുമുമ്പാണ്.
ഇനിയെങ്കിലും കാടുകൾ നീക്കംചെയ്യുന്നതിനും പന്നികളെ പിടിക്കുന്നതിനും നടപടി ഉണ്ടായില്ലെങ്കിൽ പ്രശ്നം അതീവ ഗുരുതരമാകുമെന്ന് നാട്ടുകാർ പറഞ്ഞു.
ചൊവ്വാഴ്ച പഞ്ചായത്ത് ഓഫിസ് പടിക്കൽ വ്യാപാരികളുടെയും കർഷകരുടെയും പ്രകടനവും ധർണയും നടക്കും. വിഷയത്തിൽ പഞ്ചായത്ത് ഭരണസംവിധാനത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എ.എൻ. ഷാജഹാൻ ധർണ ഉദ്ഘാടനം ചെയ്യും. പന്നിയുടെ ആക്രമണത്തെതുടർന്ന് മരണപ്പെട്ട രഞ്ജുവിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകുക, നാരങ്ങാനത്ത് പന്നികളെ വെടിവെക്കുന്നതിനായി ഒരുവർഷത്തേക്ക് സ്ഥിരം ഷൂട്ടറെ നിയമിക്കുക, പന്നികളെ പിടിക്കുന്നതിനും മറവുചെയ്യുന്നതിനും കർഷകർക്ക് അനുവാദം നൽകുക, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ കാട് നീക്കംചെയ്യുന്നതിന് നിർദേശം നൽകുക, റോഡരികിലെ കാട് നീക്കംചെയ്യാൻ നടപടി സ്വീകരിക്കുക, കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് അടിയന്തര സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

