ജില്ല വിദ്യാഭ്യാസ ഓഫിസ്; ഇൻചാർജ് ഭരണവും തടയിടാൻ ജീവനക്കാരും
text_fieldsജില്ല വിദ്യാഭ്യാസ ഓഫിസ്
പത്തനംതിട്ട: നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളം തടഞ്ഞുവെച്ച സംഭവത്തിൽ വീഴ്ച കണ്ടെത്തിയ ജില്ല വിദ്യാഭ്യാസ ഓഫിസിനെതിരെ കൂടുതൽ ആക്ഷേപങ്ങൾ. അധ്യാപകരുടെ പ്രമോഷൻ ഗ്രേഡ്, നിയമന അംഗീകാരം, പെൻഷനുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവയിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി. നിസ്സാര കാര്യങ്ങൾക്കുപോലും ജീവനക്കാർ തടസ്സം സൃഷ്ടിക്കുന്നതായും അധ്യാപകർ പറയുന്നു.
നാറാണംമൂഴിയിലെ അധ്യാപികക്ക് ശമ്പളം ലഭിക്കാഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിൽ ഭർത്താവ് ഷിജോ ആത്മഹത്യചെയ്ത സംഭവത്തിൽ ഡി.ഇ.ഒ ഓഫിസിലെ മൂന്നു ജീവനക്കാരെ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. സൂപ്രണ്ട് എസ്. ഫിറോസ്, പി.എ എൻ.ജി. അനിൽകുമാർ, സെക്ഷൻ ക്ലർക്ക് ആർ. ബിനി തുടങ്ങിയവരെയാണ് സസ്പെൻഡ് ചെയ്തത്.
ഷിജോയുടെ ഭാര്യ നാറാണംമൂഴി സെന്റ് ജോസഫ് യു.പി. സ്കൂളിലെ യു.പി.എസ്.ടി അധ്യാപികയായ ലേഖ രവീന്ദ്രന് 12 വർഷത്തെ ശമ്പളം കുടിശ്ശികയായിരുന്നു. ഷിജോയുടെ മരണത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ജില്ല വിദ്യാഭ്യാസ ഓഫിസിന് വീഴ്ചവന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കോടതി ഉത്തരവുണ്ടായിട്ടും ലേഖ രവീന്ദ്രന് ശമ്പളം നൽകാതെ ജീവനക്കാർ വീഴ്ചവരുത്തുകയായിരുന്നുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
യു.പി.എസ്.ടി തസ്തികയിലേക്ക് നാറാണംമൂഴി സ്കൂൾ മാനേജ്മെന്റ് 2014ലാണ് ലേഖ രവീന്ദ്രനെ നിയമിച്ചത്. ഹൈകോടതി 2024 നവംബർ 26ന് നിയമനം അംഗീകരിച്ച് ഉത്തരവിടുകയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ പത്തനംതിട്ട ഡി.ഇ.ഒക്ക് നിർദേശവും നൽകിയിരുന്നു. 2025 ജനുവരി 17ന് സർക്കാർ ഇതിനായി നിർദേശവും നൽകി. എന്നാൽ, ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ മറ്റു തുടർനടപടികൾ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുകയും സ്പാർക്ക് ഓഥന്റിക്കേഷന് സ്കൂൾ പ്രഥമാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ ഡി.ഇ.ഒ ഓഫീസ് ജീവനക്കാർ വെച്ചുതാമസിപ്പിക്കയായിരുന്നു.
നിലവിൽ ഇൻ ചാജ് ഭരണത്തിലാണ് ഓഫിസ്. മേയ് 31ന് ഡി.ഇ.ഒ വിരമിച്ചതിനു ശേഷം പകരം ആളെ നിയമിച്ചിട്ടില്ല. പത്തനംതിട്ട എ.ഇ.ഒക്കാണ് ചുമതല നൽകയിട്ടുള്ളത്. ഓഫിസിന് നാഥനില്ലാതായതോടെ ഭരണനിർവഹണം പി.എയും സൂപ്രണ്ടും ചേർന്നാണ് നിർവഹിക്കുന്നതെന്നും പരാതികളുണ്ടായിരുന്നു.
നൂറിലധികം സ്കൂളുകൾ പത്തനംതിട്ട ഡി.ഇ.ഒയുടെ കീഴിലുണ്ട്. അധികാരപരിധി വിപുലമാണെങ്കിലും കെടുകാര്യസ്ഥതക്ക് പേരുകേട്ട ഓഫിസാണിതെന്ന് വിവിധ അധ്യാപക സംഘടന നേതാക്കൾ കുറ്റപ്പെടുത്തുന്നു. നിരവധി പരാതികൾ വിജിലൻസിലും ലഭിച്ചിരുന്നു. സംസ്ഥാനത്ത് നമ്പർ വൺ അഴിമതി നടക്കുന്ന ഓഫിസാണിതെന്ന് അധ്യാപക സംഘടനകൾ പറയുന്നു. ഓഫിസിനെ സംബന്ധിച്ച് മുമ്പും നിരവധി പരാതികൾ ഉയർന്നിട്ടും യാതൊരു അന്വേഷണവും നടന്നിട്ടില്ല. കോഴ നൽകിയാലെ കാര്യങ്ങൾ നടക്കൂവെന്ന സ്ഥിതിയാണെന്നും ഇവർ ആരോപിക്കുന്നു.
പെൻഷൻ പറ്റിയ രണ്ടുമൂന്നു ജീവനക്കാർ ഇവിടെ സദാസമയവും ചുറ്റിത്തിരിയുന്നതായി അധ്യാപകർ പറയുന്നു. ആദ്യം അവരെ സമീപിക്കണം. ഫയൽ കുരുങ്ങിക്കിടക്കുന്ന കാര്യങ്ങൾ ഇവർ ധരിപ്പിക്കും. പിന്നീട് കുരുക്കഴിക്കാനുള്ള കാര്യങ്ങൾ അറിയിക്കും. അധ്യാപക സംഘടന നേതാക്കൾ ഇടപെട്ടാലും ഫലമില്ലെന്നും ഇവർ പറയുന്നു. ഇടത് യൂനിയനുമായി ബന്ധപ്പെട്ടവർക്കാണ് ഓഫിസിൽ മേധാവിത്വമെങ്കിലും ഈ യൂനിയനിൽപ്പെട്ട അധ്യാപകർക്ക് പോലും നീതി ലഭിക്കുന്നില്ലത്രേ.
അതിനിടെ, ആറ് വർഷത്തോളമായി ഓഫിസ് കയറി ഇറങ്ങിയ ഒരു ഭിന്നശേഷി അധ്യാപികയുടെ നിയമനം തിങ്കളാഴ്ച ശരിയായി. നാറാണംമൂഴിയിൽ അധ്യാപികയുടെ ഭർത്താവ് ആത്മതഹത്യചെയ്തതിനെ തുടർന്ന് അതിവേഗത്തിൽ ഈ ഫയലിൽ തീരുമാനമെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

