Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ല താലൂക്ക്...

തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കാണോ; കൊണ്ടുപൊക്കോ മെഡിക്കൽ കോളജിലേക്ക്...

text_fields
bookmark_border
തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കാണോ;  കൊണ്ടുപൊക്കോ മെഡിക്കൽ കോളജിലേക്ക്...
cancel
camera_alt

തി​രു​വ​ല്ല താ​ലൂ​ക്ക്​ ആ​ശു​പ​ത്രി

തിരുവല്ല: 'കൊണ്ടുപൊക്കോ മെഡിക്കൽ കോളജിലേക്കോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കോ'... തിരുവല്ല താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളും കൂടെയെത്തുന്നവരും കാലങ്ങളായി കേൾക്കുന്ന വാക്കാണിത്. ഏഴു നിലയുള്ള ഐ.പി ബ്ലോക്കാണ് താലൂക്ക് ആശുപത്രിയുടെ പ്രധാന ആകർഷണം. ഇതിൽ രണ്ടുനില ഉപയോഗശൂന്യമാണ്.

ഒ.പി പ്രവർത്തിക്കുന്ന പതിറ്റാണ്ടുകൾ കാലപ്പഴക്കമുള്ള കെട്ടിടത്തില്‍നിന്ന് തിരിയാന്‍ ഇടവുമില്ല. മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്ക് സർക്കാർവക ആംബുലൻസ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. ആശുപത്രിവക ആംബുലൻസ് വളപ്പിന് പിന്നിലിട്ടിട്ട് സ്വകാര്യ ആംബുലൻസുകൾ വിളിച്ചുനൽകുന്ന ചില ജീവനക്കാർ ആശുപത്രിക്കുള്ളിൽ തന്നെയുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങൾ പ്രധാന ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സമയം അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന രോഗികളെ റഫര്‍ ചെയ്തു തുടങ്ങിയ രീതി ഇപ്പോഴും തുടരുന്നതായാണ് ആക്ഷേപം. നാളുകളായി ഇവിടെ മരുന്ന് ക്ഷാമം രൂക്ഷമാണ്. ചില അവസരങ്ങളിൽ പാരസെറ്റമോള്‍ സിറപ്പുപോലും ലഭ്യമാകാറില്ല. നെഞ്ചെരിച്ചിലിനും ദഹനക്കേടിനും നല്‍കുന്ന പ്രധാന മരുന്നില്‍ ചിലത് ഇപ്പോഴും ലഭ്യമല്ല. ജീവനക്കാരുടെ കുറവും ഫാര്‍മസി പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു.

ജില്ലയിലെ ഏറ്റവും നിലവാരമുള്ള ഉപകരണങ്ങളുള്ള ആശുപത്രിയിലെ ബ്ലഡ് ബാങ്ക് അടച്ചിട്ടിട്ട് നാലുവര്‍ഷം പിന്നിടുന്നു. രക്തം ആവശ്യമുള്ള രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തി രക്തം എത്തിക്കേണ്ട സ്ഥിതിയാണ്. സ്ഥിരം തസ്തികയിൽ ടെക്‌നീഷന്‍ ഇല്ലാത്തതാണ് ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണം.

രക്തം ശേഖരിച്ചുവെക്കല്‍, പ്ലേറ്റ്ലറ്റുകള്‍ വേര്‍തിരിക്കുക, ക്രോസ് മാച്ചിങ്, എലീസ ടെസ്റ്റ് തുടങ്ങി പ്രധാന ബ്ലഡ് ബാങ്കിനുവേണ്ട എല്ലാ സൗകര്യവുമുള്ള കേന്ദ്രമാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. എക്സ്റേ വിഭാഗം വൈകീട്ട് അഞ്ചിന് അടക്കുന്നതിനാൽ രാത്രിയിൽ അപകടം സംഭവിച്ച് ആശുപത്രിയിൽ എത്തുന്നവർക്ക് സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്.

ആശുപത്രി വളപ്പിൽ അപകട ഭീഷണി ഉയർത്തി നിലനിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാനും ഇതുവരെ നടപടിയൊന്നുമില്ല. എം.എൽ.എയും നഗരസഭ അധ്യക്ഷയും ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഉൾപ്പെടുന്ന ആശുപത്രി വികസന സമിതി വെറും നോക്കുകുത്തി മാത്രമാണെന്നാണ് രോഗികളിൽനിന്നും കൂട്ടിരിപ്പുകാരിൽനിന്നും ഉയരുന്ന ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiruvalla Taluk Hospital
News Summary - whether to Tiruvalla Taluk Hospital; Take it to medical college...
Next Story