വേനൽ കനക്കുംമുമ്പ് ജലക്ഷാമം; കുടിവെള്ളം മുട്ടുമോ?
text_fieldsജലനിരപ്പ് താഴ്ന്ന നിലയിൽ പമ്പാ നദി. കാട്ടൂർ നീർപാലത്തിൽനിന്നുള്ള ദൃശ്യം
പത്തനംതിട്ട: വേനലിന് മുമ്പേ ജില്ലയിൽ കുടിവെള്ള ക്ഷാമം. മലയോര മേഖലകളിലെ കിണറുകളിൽ പലതും വറ്റി. നദികളിലടക്കം വെള്ളം കുറഞ്ഞുതുടങ്ങിയിട്ടുമുണ്ട്. ഡിസംബർ ആദ്യ ആഴ്ചവരെ ജില്ലയിൽ ശക്തമായ മഴ ലഭിച്ചിട്ടും അതിവേഗത്തിൽ ജലനിരപ്പ് താഴുന്നത് ആശങ്കക്ക് ഇടയാക്കുന്നുമുണ്ട്. വേനൽ കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ എന്താകും സ്ഥിതിയെന്ന ഭീതിയും മലയോരവാസികൾ പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും ജലക്ഷാമത്തിന് പരിഹാരമായിട്ടില്ല. മഴക്കുശേഷം അന്തരീക്ഷ താപനില ഉയരുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ മിക്ക കൈത്തോടുകളും ചെറുജലാശയങ്ങളും വറ്റിത്തുടങ്ങിയിട്ടുണ്ട്. പ്രധാന നദികളായ അച്ചൻകോവിലിലും പമ്പയിലും കല്ലാറിലും ജലനിരപ്പ് കുറഞ്ഞു. 2018ലെ പ്രളയത്തിന് ശേഷം ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് ഉൾവലിയാൻ തുടങ്ങിയതായി നേരത്തേ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
പ്രളയാനന്തരം ഓരോ വർഷവും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നുണ്ട്. രണ്ടുവർഷം മുമ്പ് നടത്തിയ പഠനത്തിൽ ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ഭൂഗർഭ ജലനിരപ്പ് അപകടമാംവിധം താഴുന്നതായും കണ്ടെത്തിയിരുന്നു. സർക്കാർ നിർദേശത്തെ തുടർന്ന് ജിയോളജി വകുപ്പ് നടത്തിയ പഠനത്തിലാണ് മലയോര ഗ്രാമങ്ങളെ ആശങ്കയിലാക്കുന്ന കണ്ടെത്തലുകളുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ടയെങ്കിലും വെള്ളം ഭൂമിയിൽ താഴുന്നില്ല.
ഒരാഴ്ച മഴ പെയ്യാതിരുന്നാൽ നദികളിലെ നീരൊഴുക്ക് കുറയുന്നതാണ് സ്ഥിതി. നദികളെ ആശ്രയിച്ചുള്ള ജല അതോറിറ്റിയുടെ പമ്പ് ഹൗസുകളിൽ ജലദൗർലഭ്യത്തെ തുടർന്ന് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിത്തുടങ്ങിയിട്ടുമുണ്ട്. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നില്ല. പത്തനംതിട്ട നഗരത്തിലടക്കം എല്ലാ മേഖലയിലേക്കും പമ്പിങ് നടത്താനാകാത്ത സ്ഥിതിയുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പമ്പിങ് എന്ന രീതിയിൽ പലയിടത്തും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചൂട് വർധിക്കുന്നതോടെ പമ്പിങ് താളംതെറ്റുമെന്ന ആശങ്ക ജലഅതോറിറ്റിക്കുമുണ്ട്.
കൃഷിയെയും ജലദൗർലഭ്യം ബാധിക്കുന്നുണ്ട്. കനാൽ ജലത്തെയാണ് പലരും കൃഷിക്കായി ആശ്രയിക്കുന്നത്. നദികളിലെ ജലനിരപ്പിലുണ്ടാകുന്ന കുറവ് കനാൽ വഴിയുള്ള ജലവിതരണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പകൽ സമയത്തെ കനത്ത ചൂടിൽ വാഴയടക്കമുള്ളവ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്. വലിയതോതിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

