താലൂക്ക് ആശുപത്രിയിലെ ജലസംഭരണി അപകടാവസ്ഥയിൽ
text_fieldsതിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പഴക്കമേറിയ ജലസംഭരണി പൊളിച്ചുനീക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ആശുപത്രിയിലെ ഭക്ഷണശാലക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പില്ലർ വാട്ടർ ടാങ്ക് ഗുരുതരമായ അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കാലപ്പഴക്കത്തെ തുടർന്ന് ജലസംഭരണിയുടെ തൂണുകൾ വിണ്ടുകീറുകയും കമ്പികൾ പുറത്തുകാണുന്ന നിലയിലുമാണ്. ടാങ്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺക്രീറ്റ് അടർന്നുവീഴുന്നതായും പ്രദേശവാസികൾ പറയുന്നു. വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഈ ജലസംഭരണി തൂണുകൾക്കും ചുമരുകൾക്കും ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുകയാണ്.
ദിനേന നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും സഞ്ചരിക്കുന്ന ആശുപത്രി ഭക്ഷണശാലയോട് ചേർന്നാണ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്. പ്രത്യേകിച്ച് രാവിലെയും ഉച്ചക്കും വൈകീട്ടും ഭക്ഷണശാലയിൽ എത്തുന്നവരും മടങ്ങുന്നവരും ഈ അപകടാവസ്ഥയിലുള്ള ടാങ്കിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. മഴക്കാലത്ത് അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ജലസംഭരണി ഏത് സമയത്തും തകർന്നുവീഴാമെന്ന ആശങ്കയാണ് ഉയരുന്നത്.
രോഗികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തി ജലസംഭരണി പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ അപകടാവസ്ഥയിലായ ജലസംഭരണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

