വേനൽ കടുത്തു; ദാഹജലം തേടി...
text_fieldsകൊടുംചൂടിൽ ശുദ്ധജലത്തിനായി ജനം പരക്കം പായുകയാണ്. വേനൽ കടുത്തതോടെ നദികളും ചെറിയ അരുവികളുമെല്ലാം വറ്റിവരണ്ടു. മലയോര മേഖലകളിൽ കിണറുകളിലും വെള്ളം ഇല്ല. ജില്ല ആസ്ഥാനത്തുപോലും വെള്ളം കിട്ടാതെ ജനം നരകിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് വഴിയും വെള്ളം കിട്ടുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
പത്തനംതിട്ട: നഗരസഭ പ്രദേശത്ത് മിക്ക വാർഡുകളിലും അതി രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം നഗരസഭ നേതൃത്വത്തിൽ വാർഡുകളിൽ ജലവിതരണം തുടങ്ങിയത് ചെറിയ ആശ്വാസത്തിന് വക നൽകിയിട്ടുണ്ട്.
നഗരസഭയിൽ വാളുവെട്ടുപാറ, തേങ്ങാപ്പാറ മുരുപ്പ് പ്രദേശത്ത് വലിയ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ചുരുളിക്കോട് ജങ്ഷനിൽനിന്ന് കുത്തനെയുള്ള കയറ്റം കയറി എത്തുന്നത് വാളുവെട്ടുപാറയിലാണ്.
വർഷത്തിൽ ഭൂരിഭാഗം മാസവും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. വേനൽക്കാലത്ത് തേങ്ങപ്പാറക്കാരുടെ ഏക ആശ്രയം ഇവിടെയുള്ള ഓലിയാണ്. വേനലിന്റെ തീവ്രതയിൽ ഉറവയും വറ്റിത്തുടങ്ങി. ഊറിവരുന്ന വെള്ളം കോരിയെടുക്കാനും ഇവിടെ നാട്ടുകാരുടെ തിരക്കാണ്. ഒരു പാത്രം നിറയാൻ ചിലപ്പോൾ അരമണിക്കൂർ വരെ വേണം. വേനൽക്കാലത്ത് എല്ലാ വീട്ടുകാരും ഈ ഓലിയെയാണ് ആശ്രയിക്കുന്നത്.
നഗരത്തിൽ ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായിട്ടും തേങ്ങാപ്പാറ മുരുപ്പിനെ അധികൃതർ പൂർണമായും അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വറ്റാത്ത കുളമുണ്ട്. നഗരസഭ വിലകൊടുത്ത് അതുവാങ്ങി സംഭരണി നിർമിച്ചാൽ പ്രദേശത്തു മുഴുവൻ വിതരണം ചെയ്യാനുള്ള വെള്ളം കിട്ടുമെന്ന് നാട്ടുകാർ പറയുന്നു. ജലക്ഷാമം രൂക്ഷമാകുമ്പോൾ ലോറിയിൽ വെള്ളം കൊണ്ടുവന്നു നിറക്കാൻ വാളുവെട്ടും പാറ വളവിൽ താൽക്കാലിക ടാങ്ക് വെച്ചിട്ടുണ്ട്. അതിൽ മൂന്ന് ടാപ്പും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വെള്ളം നിറച്ചാലുടൻ നാട്ടുകാർ ശേഖരിക്കും. പിന്നെ ദിവസങ്ങൾ കഴിഞ്ഞേ വീണ്ടും വെള്ളം എത്തുകയുള്ളൂ.
വള്ളിക്കോട് പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
വള്ളിക്കോട്: വള്ളിക്കോട് പഞ്ചായത്തിലെ നരിയാപുരം, ഇണ്ടിളയപ്പൻ ഭാഗം, തേക്കും കൂട്ടത്തിൽ മുരുപ്പ് ഭാഗം, വെള്ളപ്പാറ തുടങ്ങി പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുകളുപറമ്പിൽ ഭാഗത്തെ വീടുകളിലും ലക്ഷം വീട് കോളനിയിലെ കുടുംബങ്ങൾക്കും കിണറുകൾ ഇല്ല. ഏക ആശ്രയം പൈപ്പ് വെള്ളമാണ്. മിക്ക ദിവസവും പൈപ്പിൽവെള്ളം കിട്ടാറില്ല.
വള്ളിക്കോട് പഞ്ചായത്തിലെ പനയക്കുന്ന് മുരുപ്പിലാണ് ശുദ്ധജല വിതരണ ടാങ്കുള്ളത്. അച്ചൻകോവിലാറ്റിലെ വള്ളിക്കോട് മൂഴിക്കടവിൽനിന്നാൽ വെള്ളം പമ്പ് ചെയ്യുന്നത്. വള്ളിക്കോട്, കൊടുമൺ പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. രാത്രി മാത്രം വെള്ളം പമ്പ് ചെയ്യുന്നതിനാൽ നാട്ടുകാർക്ക് വെള്ളം ശേഖരിച്ചുവെക്കാൻ കഴിയുന്നില്ലെന്ന് പറയുന്നു. തകർന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണിയും അടിയന്തരമായി ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.