മുഖ്യമന്ത്രിയുടെ ശ്രദ്ധക്ക് ; സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി കൊക്കാത്തോട്ടിൽ അട്ടിമറിക്കുന്നു
text_fieldsപത്തനംതിട്ട: വനമേഖലയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി കൊക്കാത്തോട്ടിൽ അട്ടിമറിക്കുന്നതായി പരാതി. അരുവാപ്പുലം പഞ്ചായത്തിലെ 2, 3, 4 വാർഡുകൾ ഉൾപ്പെടുന്ന കൊക്കാത്തോട്, അപ്പൂപ്പൻതോട്, നീരമാക്കുളം, നെല്ലിക്കപ്പാറ, കാട്ടാത്തി, വയക്കര പ്രദേശങ്ങളിൽ താമസിക്കുന്ന 185ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. വനാതിർത്തിയിൽ താമസിക്കുന്നവർ, വന്യജീവികളുടെ ശല്യത്താൽ ദുരിതം അനുഭവിക്കുന്നവർ എന്നിവർ തങ്ങളുടെ പട്ടയഭൂമി വനംവകുപ്പിന് കൈമാറുന്നതാണ് പദ്ധതി.
വനം വകുപ്പ് ഏറ്റെടുക്കുന്ന ഭൂമിക്ക് ഒരു യൂനിറ്റിന് 15 ലക്ഷം രൂപയാണ് നൽകുന്ന നഷ്ടപരിഹാരം. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ വനമേഖലയിൽ സ്വകാര്യവാസ മേഖലകളിൽ കഴിയുന്ന കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. പദ്ധതിയിൽ തങ്ങൾക്കുകൂടി ആനുകൂല്യം ഉറപ്പാക്കണമെന്നാണ് കൊക്കത്തോട് നിവാസികളുടെ ആവശ്യം. പദ്ധതിയിൽ അർഹരെന്നു കണ്ടെത്തിയവരെപ്പോലും പണം നൽകി ഒഴിപ്പിക്കാനാകുന്നില്ല. സ്ഥലം എം.എൽ.എ കെ.യു. ജനീഷ് കുമാർ അടക്കമുള്ളവർ ഒഴിപ്പിക്കലിന് എതിരുനിൽക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും പ്രദേശവാസികൾ പറഞ്ഞു.
നാലാം തലമുറക്ക് ജീവിക്കാനാകുന്നില്ല
കൊക്കാത്തോട്ടിൽ ഇന്നുള്ളത് 1948 മുതൽ കുടിയേറിയവരാണ്. വനമേഖലയിൽ ഭൂമി ലഭ്യമായതോടെ അവർ ഇവിടെ താമസിച്ചുവരുകയായിരുന്നു. നാല് തലമുറവരെ ഇവിടെ കഴിഞ്ഞു. കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗം. എന്നാൽ, കൃഷി നടത്താനും സ്വൈരജീവിതത്തിനും തടസ്സമായി വന്യമൃഗങ്ങൾ കാടിറങ്ങിയതോടെയാണ് കൊക്കാത്തോട്ടിലെ ജീവിതം മതിയാക്കാൻ പ്രദേശവാസികൾ തീരുമാനിച്ചത്. ആന, കുരങ്ങ്, പന്നി, കേഴ, പുലി, കടുവ, മയിൽ തുടങ്ങി എല്ലാത്തരം കാട്ടുമൃഗങ്ങളും പക്ഷികളും കൊക്കാത്തോട്ടിലെ ജനവാസമേഖലയിലുണ്ട്. കൃഷിയിടങ്ങൾ ഇവ പൂർണമായി നശിപ്പിക്കുന്നു. ഉപജീവനമാർഗം നിലച്ചു. ടാപ്പിങ് മേഖലക്കുപോലും സുരക്ഷിതത്വമില്ല. പുറത്തിറങ്ങി നടക്കാനാകുന്നില്ല. റബറും ആന നശിപ്പിച്ചു തുടങ്ങി. കൃഷിയിടങ്ങൾ തരിശിട്ടിരിക്കുകയാണ്. സ്വസ്ഥമായി വീട്ടിലും കഴിയാനാകുന്നില്ല. കുട്ടികളെ സ്കൂളിൽ അയക്കാനുമാകില്ല. അടിസ്ഥാന സൗകര്യവികസനത്തിലും നാട് പിന്നാക്കമാണ്. ഒരുവിധത്തിലും ജീവിതം മുമ്പോട്ടു കൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
45 ലക്ഷം വരെ ലഭിക്കും
വനമേഖലയിൽ സ്ഥിരമായി താമസിക്കുന്നവർ ഒഴിഞ്ഞ് മറ്റ് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി മാറാൻ താൽപര്യപ്പെടുന്നുവെങ്കിൽ റീബിൽഡ് കേരള പദ്ധതിയിലൂടെ സഹായം പ്രഖ്യാപിച്ചത് 2019ലാണ്. രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നൽകുന്നതിനു പുറമെ കുടുംബത്തിലെ പ്രായപൂർത്തിയായ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വേറെയും നൽകും.
രണ്ട് ഹെക്ടറിനു മുകളിൽ ഭൂമിയുണ്ടെങ്കിൽ അധികമുള്ള ഓരോ ഹെക്ടറിനെയും ഓരോ പാർപ്പിട യൂനിറ്റായി കണക്കാക്കി 15 ലക്ഷം വീതം അധികം നൽകും. ഭൂമി മാത്രമേയുള്ളൂവെങ്കിൽ 15 ലക്ഷം മാത്രം നൽകും. ഇത്തരത്തിൽ ഒരു കുടുംബത്തിനു പരമാവധി ലഭിക്കാവുന്ന തുക 45 ലക്ഷമാണ്. കൂടുതൽ ഭൂമിയുള്ളവർക്കും ഈ തുക മാത്രമേ ലഭിക്കുകയുള്ളൂ. പദ്ധതി സംബന്ധിച്ച ഉത്തരവ് വന്നത് 2019 നവംബർ 14നാണ്. പ്രകൃതി ദുരന്തങ്ങൾ, വന്യജീവികളുടെ ആക്രമണം തുടങ്ങിയവയിൽനിന്ന് വീട്ടുകാരെ മോചിപ്പിച്ച് മാറ്റിപാർപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താമസിച്ചുകൊണ്ടിരിക്കുന്ന പട്ടയ ഭൂമി വനം വകുപ്പ് ഏറ്റെടുത്തശേഷം ആദ്യ ഗഡു അനുവദിക്കും. പിന്നീട് താമസിച്ചുകൊണ്ടിരിക്കുന്ന വീട് പൊളിക്കുന്ന സമയത്ത് ബാക്കി തുകയും നൽകും.
138 അപേക്ഷകൾ
കൊക്കാത്തോട് മേഖലയിൽനിന്ന് സ്ഥലം ഒഴിയുന്നതിലേക്ക് ലഭിച്ചത് 138 അപേക്ഷകളാണ്. 77 എണ്ണത്തിന്റെ സംയുക്ത പരിശോധന നടന്നു. 39 അപേക്ഷകർ ആദ്യഘട്ട പരിശോധനകളിൽ തന്നെ ആനുകൂല്യത്തിന് അർഹരെന്നു കണ്ടെത്തിയിരുന്നു. പരിശോധന പൂർത്തീകരിച്ച അപേക്ഷകൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അധ്യക്ഷനായ റീജനൽ കമ്മിറ്റി അംഗീകരിക്കണം. കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതാണ് കൊക്കാത്തോട്ടിലെ അപേക്ഷകളിൽ തീരുമാനം വൈകിയത്. പ്രാദേശിക ജനപ്രതിനിധികൾക്ക് പദ്ധതിയോടുള്ള എതിർപ്പാണ് ഇതിനു കാരണമായി പറയുന്നത്. സ്ഥലം എം.എൽ.എ കെ.യു. ജനീഷ് കുമാറും പദ്ധതിക്ക് എതിരുനിൽക്കുകയാണെന്ന് കൊക്കാത്തോട് നിവാസികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കൊല്ലത്തുചേർന്ന യോഗത്തിലും എം.എൽ.എയടക്കം ഒഴിപ്പിക്കൽ നടപടിയോടു യോജിച്ചില്ല. പദ്ധതിയിൽ കൊക്കാത്തോട് നിവാസികളെ പരിഗണിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.
ഇടുക്കി, വയനാട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ കോന്നി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ സമരം നടത്തുമെന്ന് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ നൽകിയ പ്രദേശവാസികളായ ഷൈലജ സുരേഷ്, ഓമനക്കുട്ടൻ നായർ, സാവിത്രി ശ്രീകുമാർ, സുരേഷ് കുമാർ, കെ.ഡി. ജോർജ്കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

