വിഷുവിനെ വരവേറ്റ് മലയോര മണ്ണ്
text_fieldsവിഷുവിന് ഒരുങ്ങാൻ വെള്ളിയാഴ്ച വൈകീട്ട് വരെ മലയാളി നെട്ടോട്ടത്തിലായിരുന്നു. കണിയൊരുക്കാൻ പഴങ്ങളും
പച്ചക്കറികളും വാങ്ങാൻ എത്തുന്നവരുടെ തിരക്കായിരുന്നു എങ്ങും. പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ
കച്ചവടക്കാരനിൽനിന്ന് കൊന്നപ്പൂ വാങ്ങിപ്പോകുന്ന യുവതി
പത്തനംതിട്ട: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേറ്റ് മലയോര ജില്ല. വിഷുക്കണി ഒരുക്കുന്നതിനുള്ള കൃഷ്ണവിഗ്രഹങ്ങൾ, കണിവെള്ളരി തുടങ്ങിയവക്കൊപ്പം പഴവർഗ-പച്ചക്കറി വിൽപനയും നഗരങ്ങളിൽ തകൃതിയായി നടന്നു. വസ്ത്രശാലകളിലും നല്ല തിരക്കായിരുന്നു.
നഗര-ഗ്രാമ പ്രദേശങ്ങളിൽ കടകളിലുൾപ്പെടെ കുടുംബസമേതം എത്തിയാണ് മിക്കവരും സാധനങ്ങൾ വാങ്ങിയത്. ഗൃഹോപകരണ വിൽപന കേന്ദ്രങ്ങളിലും നല്ല കച്ചവടം നടന്നു. ഗ്രാമ പ്രദേശങ്ങളിലും നഗരങ്ങളിലും പച്ചക്കറി ചന്തകളും സജീവമായിരുന്നു.
കൊന്നപ്പൂക്കളുടെ വിൽപനയുമായി വിവിധ സ്ഥലങ്ങളിൽ ചെറുസംഘങ്ങൾ എത്തിയിരുന്നു. വഴിയോരങ്ങളിൽ വൈകീട്ട് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഗ്രാമപ്രദേശങ്ങളിലെ കണിക്കൊന്നകളിൽനിന്ന് ആളുകൾ പൂക്കൾ ശേഖരിക്കുന്നതും കാണാമായിരുന്നു.