വെണ്ണിക്കുളം സ്വദേശി പ്രഫ. പി.എ. മുഹമ്മദ് ബഷീറിന് ബ്രിട്ടനിൽ ഉന്നത ബഹുമതി
text_fieldsപത്തനംതിട്ട: ലീഡ്സ് സർവകലാശാല പ്രഫസറായ പത്തനംതിട്ട വെണ്ണിക്കുളം നാരകത്താനി സ്വദേശി പി.എ. മുഹമ്മദ് ബഷീറിന് ബ്രിട്ടീഷ് സർക്കാറിന്റെ ഉന്നത ബഹുമതി. ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുന്ന ഉയർന്ന സിവിൽ ബഹുമതിയായ കമാണ്ടർ ഓഫ് ദ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (സി.ബി.ഇ) പുരസ്കാരത്തിനാണ് തെരഞ്ഞെടുത്തത്.
ഈ വർഷാവസാനം അംഗീകാരം ഏറ്റുവാങ്ങും. നാരകത്താനി പാലിയേക്കര കാട് വീട്ടിൽ പരേതരായ പി.പി. അസൻ-മറിയംബീവി ദമ്പതികളുടെ മൂത്ത മകനാണ്. സിവിൽ എൻജിനീയറിങ് കോൺക്രീറ്റ് ടെക്നോളജി മേഖലയിൽ 40 വർഷം നീണ്ട ഗവേഷണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ബഹുമതി. ചാൾസ് മൂന്നാമൻ രാജാവായ ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് ബ്രിട്ടീഷ് സർ ക്കാറിന്റെ ഉന്നത ബഹുമതികൾ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിലെ 1171 പേർക്കാണ് ബഹുമതി നൽകുക. ഇതിൽ നാൽപതോളം പേർ ഇന്ത്യൻ വംശജരാണ്. കേരളവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന മുഹമ്മദ് ബഷീർ, റീബിൽഡ് കേരള, കേരള സയൻസ് പാർക്ക് തുടങ്ങിയവയയുടെ പ്രവർത്തനങ്ങൾക്ക് സേവനം നൽകുന്നുണ്ട്. സ്ട്രക്ചറൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട 35 ഡോക്ടറേറ്റും 15 പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങളും അദ്ദേഹത്തിന് കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജേണലുകളിൽ 400ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡും തേടിയെത്തിയിട്ടുണ്ട്. ലോകത്തെ നിരവധി മുൻനിര സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറും ഐറിഷ് അക്കാദമി ഓഫ് എൻജിനീയറിങ്ങിലും യു.കെ റോയൽ അക്കാദമി ഓഫ് എൻജിനീയറിങ് ഉൾപ്പെടെ സംഘടനകളിലെ വിശിഷ്ടാംഗവുമാണ്. 2015-2021ൽ ലീഡ്സിലെ സ്കൂൾ ഓഫ് സിവിൽ എൻജിനീയറിങ് തലവനായിരുന്നു. സെപ്റ്റംബറിൽ ഹെരിയോട്ട് വാട്ട് സർവകലാശാലയിൽ സ്കൂൾ ഓഫ് എനർജി, ജിയോ സയൻസ്, ഇൻഫ്രാസ്ട്രക്ചർ ആൻഡ് സൊസൈറ്റി (ഇ.ജി.ഐ.എസ്) എക്സിക്യൂട്ടിവ് ഡീനായി ചുമതലയേൽക്കും.
കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് 1981ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ മുഹമ്മദ് ബഷീർ കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിൽ (ഇപ്പോഴത്തെ എൻ.ഐ.ടി) നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. പിന്നീട് റീജനൽ എൻജിനീയറിങ് കോളജിൽ അധ്യാപകനായി. ശേഷം 1987ൽ ബ്രിട്ടനിലെ ബെൽഫാസ്റ്റ് ക്വീൻസ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റ് ബിരുദവും നേടി. 1999ലാണ് സ്ട്രക്ചറൽ എൻജിനീയറിങ് പ്രഫസറായത്. ദീർഘകാലം ക്വീൻസ് സർവകലാശാലയിൽ അധ്യാപകനായും ഗവേഷകനായും പ്രവർത്തിച്ചു. പിന്നീട് 2014ൽ ലീഡ്സ് സർവകലാശാലയിലെത്തുകയും അവിടെ സിവിൽ എൻജിനീയറിങ് സ്കൂൾ മേധാവിയാവുകയും ചെയ്തു.
വെണ്ണിക്കുളത്ത് ജനിച്ചുവളർന്ന മുഹമ്മദ് ബഷീറിന്റെ സ്കൂൾ-കോളജ് പഠനം നാട്ടിലായിരുന്നു. ബിരുദം സമ്പാദിച്ച കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് ബുധനാഴ്ച മുഹമ്മദ് ബഷീറിനെ ആദരിച്ചിരുന്നു. കുടുംബാംഗങ്ങളെ കാണാൻ എല്ലാ വർഷവും നാട്ടിലെത്താറുണ്ട്. സഹോദരങ്ങളായ സുബൈദയും സബീറും നാട്ടിൽ കുടുംബസമേതം താമസിക്കുന്നു.
ഭാര്യ: എറണാകുളം സ്വദേശിയായ ഡോ. ലുലു. മക്കൾ: ഡോ. നതാഷ (മെൽബൺ, ആസ്ട്രേലിയ), നവീത് (എൻജിനീയർ, ലണ്ടൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

