വീണക്ക് സ്വന്തം മണ്ഡലത്തിൽ വോട്ടുണ്ട്; എതിരാളികൾക്ക് പുറത്ത്
text_fieldsവീണാ ജോർജ്
പത്തനംതിട്ട: ജില്ലയിൽ വാശിയേറിയ മത്സരം നടക്കുന്ന ആറന്മുളയിൽ വീണാ ജോർജിന്റെ വോട്ട് സ്വന്തം പേരിൽത്തന്നെ ആയിരിക്കും. ആനപ്പാറ ഗവ എൽ.പി.എസിൽ ബൂത്ത് 262ൽ വീണ വോട്ടു ചെയ്യും. അതേസമയം, മുഖ്യ എതിരാളികളായ മറ്റു രണ്ടു പേരും മറ്റുള്ളവർക്ക് വോട്ട് ചെയ്യേണ്ടിവരും. കടുത്ത പോരാട്ടം നടക്കുന്ന തിരുവല്ലയിലെ മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും വോട്ട് സ്വന്തം പേരിൽ ആയിരിക്കും.
ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാർഥി അബിൻ വർക്കി പിറവം മണ്ഡലത്തിലെ ഊരമന ഗവ. എച്ച്.എസ്. എസ് ബൂത്ത് നമ്പർ 76ൽ വോട്ടു ചെയ്തശേഷം തിരിച്ചുവരും. എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തിരുവനന്തപുരം സെൻട്രൽ സീറ്റിലെ പഴവങ്ങാടി ഫോർട്ട് ഹൈസ്കൂളിൽ വോട്ട് ചെയ്യും.
തിരുവല്ല മണ്ഡലത്തിൽ മൽസരിക്കുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാം. എൽ.ഡി.എഫ് സ്ഥാനാർഥി മാത്യു ടി. തോമസ് വാരിക്കാട് സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്കൂളിലും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വർഗീസ് മാമ്മൻ തിരുവല്ല റജീന മുണ്ടി ഇംഗ്ലീഷ് മീഡിയം എൽ.പി.എസിലും വോട്ട് രേഖപ്പെടുത്തും. എൻ.ഡി.എ സ്ഥാനാർഥി അനൂപ് ആന്റണി മണ്ഡലത്തിലെ മുത്തൂർ ഗവ. എൽ.പി.എസിൽ വോട്ട് ചെയ്യും.
അടൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ശാന്തകുമാറിന് വോട്ടുള്ളത് കോന്നിയിലാണ്. അതിരുങ്കൽ സി.എസ്.ഐ യു.പി.എസിലാണ് അദ്ദേഹം വോട്ട് ചെയ്യുക. എൽ.ഡി.എഫ് സ്ഥാനാർഥി പ്രിജി കണ്ണൻ പത്തനാപുരം മണ്ഡലത്തിലെ നെടുവന്നൂർ ഗവ. എൽ.പി.എസിൽ വോട്ട് ചെയ്യും. എൻ.ഡി.എ സ്ഥാനാർഥി പന്തളം പ്രതാപൻ പന്തളം എൻ.എസ്.എസ് ബോയ്സ് സ്കൂളിൽ വോട്ട് ചയ്യും. റാന്നി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പഴകുളം മധു അടൂർ മണക്കാല ഗവ.യു.പി സ്കൂളിലെ 184ാം ബൂത്തിൽ വോട്ട് ചെയ്യും.
കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർഥി സതീഷ് കൊച്ചുപറമ്പിൽ തിരുവല്ല മണ്ഡലത്തിലെ കടപ്ര ഗവ. യു.പി.എസിൽ വോട്ട് ചെയ്യും. മുഖ്യ എതിരാളി എൽ.ഡി.എഫിന്റെ സിറ്റിങ് എം.എൽ.എ ജനീഷ് കുമാർ സീതത്തോട് കൊച്ചുകോട്ടമൺപാറ വനിത കമ്യൂണിറ്റി ഹാളിലും എൻ.ഡി.എ സ്ഥാനാർഥി ടി.പി. സുന്ദരേശൻ വകയാർ കൊല്ലംപടി എസ്.എൻ സ്കൂളിലും സ്വന്തം പേരിൽ വോട്ട് രേഖപ്പെടുത്തും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടൂർ ഗവ. എൽ.പി.എസ് 96ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും. മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലിത്ത തിരുവല്ല എം.ടി എൽ.പി എസിൽ വോട്ട് രേഖപ്പെടുത്തും. ആന്റോ ആന്റണി എം.പി കുടുംബസമേതം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ വോട്ടു ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

