ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന് ഭാരതീയ ജ്ഞാനകേന്ദ്ര പദവി നഷ്ടമായി
text_fieldsപത്തനംതിട്ട: ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന് കേന്ദ്രസർക്കാർ നൽകിയ ഭാരതീയജ്ഞാന കേന്ദ്ര പദവി നഷ്ടമായി. ഗവേഷണത്തിനായി ഗുരുകുലത്തിന് അനുവദിച്ച കേന്ദ്രഫണ്ടും ഇതോടെ നഷ്ടപ്പെട്ടു.
ഇന്ത്യയിൽ ഐ.ഐ.ടി ചെന്നൈ, ഐ.ഐ.ടി വാരാണസി തുടങ്ങി അപൂർവമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ലഭിക്കുന്ന പദവിയാണ് അധികൃതരുടെ കടുംപിടുത്തം മൂലം നഷ്ടമായത്.
ഭാരതീയ ജ്ഞാന കേന്ദ്ര പദവിയിലൂടെ ലഭ്യമായ പണം ഉപയോഗിച്ച് നടത്തിയ ഗവേഷണ പ്രബന്ധം സ്വകാര്യ സ്ഥാപന ഉടമക്ക് കൈമാറാൻ തയാറാകാത്തതാണ് പദവി നഷ്ടമാകാൻ കാരണമെന്ന് സീനിയർ സയന്റിസ്റ്റും ഗവേഷകനുമായ സുരേഷ് കൊല്ലേത്ത് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്ത് ഗുരുകുലത്തിൽ ആരംഭിച്ച പ്രകൃതി സൗഹൃദ നിർമാണ ഡിവിഷൻ പ്രോജക്ട് എൻജിനീയറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ സീനിയർ പ്രോജക്ട് സയന്റിസ്റ്റുമായിരുന്നു സുരേഷ് കൊല്ലേത്ത്. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഭാരതീയ ജ്ഞാനകേന്ദ്ര പദവി ഗുരുകുലത്തിന് ലഭിക്കുന്നത്.
വാസ്തുവിദ്യ ഗുരുകുലത്തിന്റെ പദ്ധതികൾ ജനങ്ങളുടെ വിശ്വാസപരമായ നിർമാണത്തിൽ അധിഷ്ഠിതമായതിനാൽ അതിനൊപ്പം സാങ്കേതിക വിദ്യക്ക് കൂടി പ്രാധാന്യം നൽകി കൊണ്ടുള്ള ഗവേഷണ പദ്ധതികളാണ് സുരേഷ് കൊല്ലേത്ത് വിഭാവനം ചെയ്തിരുന്നത്. ഇതനുസരിച്ച് പ്രകൃതി സൗഹൃദ നിർമാണ പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. വാസ്തുവിദ്യ ഗുരുകുലത്തിൽ റിസർച് വിങ് ആരംഭിക്കുമ്പോൾ സയന്റിസ്റ്റായി തന്നെ നിയമിക്കണമെന്ന വ്യവസ്ഥയിലാണ് സുരേഷ് ഗവേഷണ ജോലികൾ തുടങ്ങിയത്.
ഭാരതീയ ജ്ഞാന കേന്ദ്ര പദവി പരിഗണിച്ചപ്പോൾ, കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ച് പുതിയ നിർമിതികൾ നടത്തുന്നതിനെ സംബന്ധിച്ച് ഗവേഷണം ആരംഭിച്ചിരുന്നു.
എ.ഐ.സി.ടി നൽകിയ ഫണ്ട് ഉപയോഗിച്ചായിരുന്നു ഗവേഷണം. എന്നാൽ, ഗവേഷണ ഫലം എ.ഐ.സി.ടിക്ക് കൈമാറുന്നതിനൊപ്പം വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചെയർമാനും കൈമാറണമെന്ന നിർദേശം ഗുരുകുലം ഡയറക്ടർ പ്രിയദർശൻ മുന്നോട്ടുവെച്ചു. സുരേഷ് ഇതിന് സമ്മതിക്കാതെ വന്നതോടെ അദ്ദേഹത്തിന്റെ 17 മാസത്തെ ശമ്പളം തടഞ്ഞുവെച്ചു.
ഇതോടെയാണ് കേന്ദ്ര സർക്കാർ ഭാരതീയ ജ്ഞാന കേന്ദ്ര പദവിയിൽനിന്ന് വാസ്തുവിദ്യ കേന്ദ്രത്തെ ഒഴിവാക്കിയത്. സുരേഷിന് തുടർന്നും ഗവേഷണം നടത്താനും അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

