വള്ളിക്കോട് പഞ്ചായത്ത് ബജറ്റ്
text_fieldsവള്ളിക്കോട്: ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍ അവതരിപ്പിച്ചു. 21.42 കോടി വരവും 21.04 കോടി ചെലവും 38,05,325 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഉല്പാദന മേഖല, ഭവന നിർമാണം, തൊഴില്‍ സംരംഭങ്ങള്‍ എന്നിവക്ക് മുന്‍ഗണന നല്കിയിരിക്കുന്നു.
ഉല്പാദന മേഖലക്ക് 2,64,00,000 രൂപയും ലൈഫ് ഭവന പദ്ധതിക്ക് 2,10,00,000 രൂപയും തൊഴില്‍ സംരംഭങ്ങള്‍ക്ക് 15,00,000 രൂപയും മാലിന്യ സംസ്കരണ ശുചിത്വ പരിപാടികള്‍ക്ക് 55,00,000 രൂപയും വനിത ക്ഷേമ പരിപാടികള്‍ക്ക് 23,00,000 രൂപയും പട്ടികജാതി ക്ഷേമ പരിപാടികള്‍ക്ക് 25,00,000 രൂപയും അഗതി ക്ഷേമ പരിപാടികള്‍ക്ക് 5,00,000 രൂപയും ഭിന്നശേഷി ക്ഷേമ പരിപാടികള്‍ക്ക് 15,00,000 രൂപയും ഭരണ ജനസേവനം മെച്ചപ്പെടുത്താന്‍ 14,00,000 രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
ഇടതു വലത് വ്യത്യാസം ഇല്ലാതാക്കിയ ബജറ്റ് –സി.പി. ജോൺ
പത്തനംതിട്ട: വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനും കാവിവത്കരണത്തിനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെതിരെ സമരം നടത്തിയവർ ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് നിർദേശിച്ചതിലൂടെ ഇടതുവലത് വ്യത്യാസം ഇല്ലാതാക്കിയെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ അഭിപ്രായപ്പെട്ടു. പിണറായി ഭരണകാലത്ത് അവതരിപ്പിച്ച ബജറ്റുകളിലൂടെ പടിപടിയായി സ്വകാര്യപങ്കാളിത്തവും സംരംഭവും കൊണ്ടുവന്ന് ഇടതുനയ വ്യതിയാനം വരുത്തിയിരിക്കുന്നു.
കാരുണ്യപദ്ധതിയിൽ കുടിശ്ശികയായ 1250 കോടി നൽകാതെ കേരളീയത്തിനും നവകേരള സദസ്സിനും ഊന്നൽ നൽകുന്നത് തെറ്റായ മുൻഗണന തന്നെയാണ്. കടക്കെണിയിലായ സമ്പത്ത് വ്യവസ്ഥയെ രക്ഷിക്കാനുള്ള ചെലവ് ചുരുക്കൽ പദ്ധതികളുടെ സൂചനപോലുമില്ല. അടിസ്ഥാന മേഖലക്കും തൊഴിലില്ലായ്മ പരിഹരിക്കാനും യാതൊരു പരിഗണനയും നൽകാത്ത ബജറ്റ് നിരാശാജനകമാണെന്ന് സി.പി. ജോൺ പറഞ്ഞു.
ജീവനക്കാരെ അവഗണിച്ചു-എൻ.ജി.ഒ സംഘ്
പത്തനംതിട്ട: ജീവനക്കാർക്ക് ലഭ്യമാക്കേണ്ട 21 ശതമാനം ക്ഷാമബത്തയിൽ ഒരു ഗഡുമാത്രം അനുവദിക്കുമെന്ന പ്രഖ്യാപനം കടുത്ത വെല്ലുവിളിയാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു. ശമ്പള കുടിശ്ശികയും ലഭിക്കാനുള്ള ക്ഷാമബത്തയും ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്ന് കാത്തിരുന്ന ജീവനക്കാരെ നിരാശപ്പെടുത്തി.
വിലക്കയറ്റ സാഹചര്യത്തിൽ സമയബന്ധിതമായി അനുവദിക്കേണ്ട ക്ഷാമബത്ത അകാരണമായി തടഞ്ഞതിനാൽ ജീവനക്കാർ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. സർക്കാർ നടപടിയിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ അവഗണിച്ച ബജറ്റ് തള്ളണം -എസ്.ഇ.യു
പത്തനംതിട്ട: ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാതെയുള്ള ബജറ്റ് തള്ളിക്കളയണമെന്ന് എസ്.ഇ.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 21 ശതമാനം ഡി.എ നൽകാനുള്ളിടത്ത് നിലവിൽ രണ്ട് ശതമാനം മാത്രം പ്രഖ്യാപിച്ച് ജീവനക്കാരെ കളിയാക്കുന്ന നിലപാടാണ് നടത്തിയത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ ഏഴു വർഷത്തിനിടെ രണ്ട് കമ്മിറ്റികൾ പഠനം നടത്തുക മാത്രമാണ് ഉണ്ടായത്.
നിർത്തലാക്കിയ ലീവ് സറണ്ടറിനെക്കുറിച്ചോ 2024ൽ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണത്തെക്കുറിച്ചോ ബജറ്റിൽ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. വിലക്കയറ്റത്തെ നേരിടാൻ മൂന്ന് വർഷത്തിന് ശേഷം രണ്ട് ശതമാനം ഡി.എ നൽകിയതുകൊണ്ട് ആകില്ല എന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

