നെൽകൃഷിക്ക് ഒരുങ്ങി വള്ളിക്കോട്
text_fieldsനെൽക്യഷിക്ക് ഒരുങ്ങിയ വള്ളിക്കോട് ചെമ്പക പാടശേഖരം
പത്തനംതിട്ട: നെൽക്യഷിക്ക് ഒരുങ്ങി വള്ളിക്കോട് പാടശേഖരങ്ങൾ. ചെമ്പക, കാരിവേലിൽ, നരിക്കുഴി, വേട്ടകുളം, തലച്ചേമ്പ്, കൊല്ലായിഏല, തട്ട പാടശേഖരങ്ങളാണ് ക്യഷിക്ക് ഒരുങ്ങിയത്. ഒരാഴ്ചക്കകം വിത്ത് വിതയ്ക്കാനുളള തയാറെടുപ്പിലാണ്. ഉമ വിത്താകും വിതയ്ക്കുക. അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെൽ ക്യഷിയുള്ളത് വള്ളിക്കോട്ടാണ്.
ജില്ലയിൽ കൃഷിസമൃദ്ധി പഞ്ചായത്തായി തെരഞ്ഞെടുത്തതിൽ ഒന്നാണ് വള്ളിക്കോട്. വർഷം രണ്ടു തവണയാണ് വള്ളിക്കോട് പാടത്ത് കൃഷി ഇറക്കുന്നത്. കഴിഞ്ഞ മുണ്ടകൻ കൃഷിക്കും മകര കൃഷിക്കും മികച്ച വിളവ് ലഭിച്ചിരുന്നു. 10 പാടശേഖരങ്ങളിലായി 150 ഹെക്ടറോളം വയലാണ് ഇവിടെയുള്ളത്.
220 നെൽ കർഷകരാണ് വള്ളിക്കോട് പാടശേഖരത്തിന്റെ ബലം. വിവിധ കാരണങ്ങളാൽ ക്യഷി കുറഞ്ഞുവരുന്നതായി കർഷകർ പറയുന്നു. പഞ്ചായത്തിലെ പാടശേഖരങ്ങളിൽനിന്നായി കൃഷി വകുപ്പിലേക്ക് 2024-25ൽ കൈമാറിയത് 700 ടൺ നെല്ലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 150 ടണ്ണിന്റെ കുറവ്.
പണി ചെയ്യാൻ ആളെ കിട്ടാത്തതും കൊടുക്കുന്ന നെല്ലിന്റെ തുക ക്യത്യമായി ലഭിക്കാത്തതും കൃഷിയിൽനിന്ന് ആളുകൾ പിന്നാക്കം പോകാൻ കാരണമാകുന്നതായി കർഷകർ പറയുന്നു. നെല്ല് കൃഷിവകുപ്പിന് കൈമാറിയാലും പണം ലഭിക്കാൻ താമസം വരുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. ഒൻപത് മാസമായിട്ടും പണം ലഭിക്കാത്ത അവസ്ഥയുണ്ട്. പലരും പാട്ടത്തിന് നിലമെടുത്താണ് കൃഷി ചെയ്യുന്നത്.
സഹകരണ ബാങ്ക് 50,000 രൂപ ഒമ്പതു മാസ കാലാവധിയിൽ പലിശരഹിതമായി നൽകുന്നത് കർഷകർക്ക് ആശ്വാസമാണ്. പത്തു സെന്റിന് നാലു കിലോ എന്ന രീതിയിലാണ് കൃഷിഭവൻ നടാനാവശ്യമായ വിത്ത് നൽകുന്നത്. ആലപ്പുഴയിൽനിന്നും മറ്റും ട്രാക്ടർ, ട്രില്ലർ, കൊയ്ത്ത്- മെതിയന്ത്രങ്ങളും ഡ്രൈവർമാരെയും വാടകക്ക് എടുത്താണു പണി നടത്തുന്നത്. മണിക്കൂറിന് 1300 രൂപയാണ് ട്രാക്ടറിന്റെ കൂലി. ഗേജ്വീൽ ട്രാക്ടർ ആണെങ്കിൽ 1000 രൂപയാകും. ഡ്രൈവറുടെ കൂലി പ്രത്യേകം കൊടുക്കണം. ഒരു ദിവസം കർഷകനുള്ള മുതൽമുടക്ക് 15,000 രൂപയാകും.
പുതിയ തലമുറക്ക് കൃഷിയോടു താൽപര്യം കുറയുകയും വിദേശത്തേക്കുള്ള ഒഴുക്ക് കൂടുകയും ചെയ്തതോടെ പണികൾക്ക് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതെ നിവൃത്തിയില്ലെന്നായി. വർഷങ്ങളായി പൂർണമായും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് നെൽകൃഷി. ഇവർക്കുള്ള താമസ സൗകര്യവും കർഷകർ തന്നെ നൽകണം.
നെല്ലിനെ ബാധിക്കുന്ന രോഗങ്ങൾ, വെള്ളപ്പൊക്കം എന്നിവ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. പന്നിശല്യവും വലിയ നഷ്ടം ഉണ്ടാക്കുന്നതായി വേട്ടക്കുളം പാടശേഖര സമിതി അംഗവും കർഷകനുമായ വൈ. മണിലാൽ പറഞ്ഞു. കരയോടു ചേർന്ന സ്ഥലങ്ങളിൽ പന്നിശല്യം കൂടുതലാണ്. ക്യഷി വകുപ്പ് മുഖേനയുള്ള സബ്സിഡി തുക കുറച്ചതും കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

