വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 6.98 കോടിയുടെ ഭരണാനുമതി
text_fieldsപത്തനംതിട്ട: ജില്ലയുടെ ടൂറിസം ഭൂപടത്തിൽ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 6.98 കോടിയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതി ഡിസംബറിൽ തുടങ്ങുമെന്ന് ജില്ല വികസന സമിതി യോഗത്തിൽ മന്ത്രി വീണ ജോർജ് അറിയിച്ചു.
നഗരത്തിൽ കുടിവെള്ള പൈപ്പിടലിനെ തുടർന്ന് തകർന്ന റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കാൻ വികസന സമിതി നിർദേശം നൽകി. സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ അബാൻ ജങ്ഷൻ വരെ റോഡ് നിർമാണം പൂർത്തീകരിച്ചതായി ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാർ സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കണം.
പൈപ്പ് ലൈനിന് വേണ്ടി റോഡ് കുഴിച്ചാൽ 24 മണിക്കൂറിനകം അത് പൂർവസ്ഥിതിയിലാക്കണമെന്നതിൽ വിട്ടുവീഴ്ച പാടില്ല. സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ അഴൂർ ജങ്ഷൻ വരെയുള്ള റോഡിന്റെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. സ്ഥിരം ഹോട്ട് സ്പോട്ടുകളിൽ ജാഗ്രത പുലർത്താനും സമിതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.