വടശ്ശേരിക്കര ചന്ത മാലിന്യ സംഭരണകേന്ദ്രമായി; തെരുവ് കൈയടക്കി കച്ചവടക്കാർ
text_fieldsവടശ്ശേരിക്കര: മലയോര മേഖലയിലെ പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നായ വടശ്ശേരിക്കര ചന്തയിലെ വിപണന സ്റ്റാളുകൾ പഴകിയ സാധനങ്ങളും മാലിന്യവും സൂക്ഷിക്കുന്ന കേന്ദ്രമായി മാറി. ഇതോടെ ഇറച്ചിക്കട അല്ലാതെ മറ്റൊരു കച്ചവടക്കാരും ചന്തയിലേക്ക് കടക്കാതെയായി. മുൻ കാലങ്ങളെക്കാൾ ഇരട്ടി കച്ചവടക്കാർ വടശ്ശേരിക്കരയിൽ എത്തുന്നുണ്ടെങ്കിലും ഇവരെല്ലാം തിരക്കേറിയ വടശ്ശേരിക്കര ടൗണിലെ മുക്കിലും മൂലയിലും കച്ചവടം തുടങ്ങിയതോടെ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന ടൗണിൽ ഗതാഗതവും കാൽനടയും ദുഷ്കരമായി. മാർക്കറ്റിലെത്തേണ്ടിയിരുന്ന പച്ചക്കറി-മത്സ്യ കച്ചവടക്കാരും മറ്റു കച്ചവടക്കാരുമെല്ലാം ശബരിമല തീർഥാടകർക്കുപോലും വാഹനം നിർത്താൻ കഴിയാത്തവിധം ടൗൺ കീഴടക്കിക്കഴിഞ്ഞു. നിരവധി കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടാവുന്ന മാർക്കറ്റിലെ സ്റ്റാളുകളിലാണ് പഴയ സാധനങ്ങളും മാലിന്യങ്ങളും ശേഖരിച്ചിരിക്കുന്നത്. ടൗണിലെത്തുന്നവർ വാഹനം പാർക്ക് ചെയ്യാനാണ് ഇപ്പോൾ മാർക്കറ്റ് ഉപയോഗിക്കുന്നത്. വടശ്ശേരിക്കരയിലെ തെരുവ് നായ്ക്കളുടെ പ്രധാന താവളവുമാണ് മാർക്കറ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.